മുംബൈ: ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ പിന്തുണച്ച് മുന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഫര്‍ ട്വീറ്റ് ചെയ്‌തു. താരത്തിന് തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ജാഫര്‍ പങ്കുവച്ചു.
ഇന്ത്യന്‍ ടീമില്‍ ഈ വര്‍ഷം കുറഞ്ഞ അവസരങ്ങളാണ് സഞ്‌ജുവിന് ലഭിച്ചത്. മികച്ച പ്രകടനം നടത്തുമ്പോഴും താരം തഴയപ്പെട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മോശം ഫോമിലുള്ള റിഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നിരന്തരം അവസരം ലഭിച്ചപ്പോള്‍ സഞ്‌ജുവിന് പുറത്തിരിക്കേണ്ടി വന്നത് ചോദ്യം ചെയ്‌ത് നിരവധി മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.
2015ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയെങ്കിലും ഇതേവരെ 27 മത്സരങ്ങളില്‍ മാത്രമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്. ഈ വർഷം 10 ഏകദിനങ്ങളിൽ നിന്ന് 71.00 ശരാശരിയിൽ 284 റൺസാണ് 28കാരന്‍ നേടിയത്. വെറും ആറ് ടി20കളില്‍ നിന്നും 44.75 ശരാശരിയിൽ 179 റൺസും താരം അടിച്ചെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ വർഷം 25 ടി20 മത്സരങ്ങളിൽ നിന്ന് 21.41 ശരാശരിയിൽ 364 റൺസ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 12 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും സഹിതം 336 റൺസ് കണ്ടെത്തിയെങ്കിലും സ്ഥിരത പുലര്‍ത്താന്‍ പന്തിന് കഴിഞ്ഞിരുന്നില്ല.
അതേസമയം അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോള്‍ പരമ്പര നടക്കുക. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി മൂന്നിന് മുംബൈയിലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കമാവുക.