കറാച്ചി : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടിരുന്നു. 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, എന്നീ ടീമുകൾ ഇതിനകം തന്നെ ടൂര്‍ണമെന്റിനായി യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന ടീമുകള്‍ക്കുള്ളതാണ്.
സര്‍ക്കാര്‍ അനുമതി വേണം :എന്നാല്പാകിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കാരണം, ഐസിസി മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത് സർക്കാർ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.
"ലോകകപ്പിലെ പങ്കാളിത്തവും, ഒക്ടോബർ 15-ന് അഹമ്മദാബാദിലും, തുടര്‍ന്ന് സെമി ഫൈനലില്‍ എത്തുകയാണെങ്കില്‍ മുംബൈയിലും കളിക്കുന്നത് സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കും" - എന്നായിരുന്നു പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്.
എന്‍ഒസി നല്‍കാതെ സര്‍ക്കാര്‍ :ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് പോകുന്നതിന് സർക്കാർ ഇതുവരെ ബോർഡിന് എൻഒസി നൽകിയിട്ടില്ലെന്ന് പിസിബി ഉദ്യോഗസ്ഥന് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. വിഷയം ഏറെ സെൻസിറ്റീവായതിനാല്‍ സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ബോർഡിന് മുന്നോട്ട് പോകാനാകൂ. ടൂർണമെന്റിലെ പങ്കാളിത്തവും വേദി സംബന്ധിച്ച പ്രശ്നങ്ങളും സർക്കാരിൽ നിന്നുള്ള അനുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തങ്ങൾ ഇതിനകം ഐസിസിയെ അറിയിച്ചിട്ടുണ്ട് എന്നുമായിരുന്നു ഉദ്യോഗസ്ഥന് പറഞ്ഞത്.
കളിക്കാര്‍ക്ക് ആശങ്കയില്ല :എന്നാല്‍ ടീമിലെ കളിക്കാർ വേദികളെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നാണ് താൻ കരുതുന്നതെന്നാണ് പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം ഇതിനോട് പ്രതികരിച്ചത് " - ഇക്കാര്യത്തില്‍ ഇവിടെ ഒരു പ്രശ്നവുമില്ല. എവിടെ മത്സരം നടന്നാലും പാകിസ്ഥാൻ അവിടെ കളിക്കേണ്ടിവരും. ആ സംഭാഷണവും അവിടെ അവസാനിക്കും.