മുംബൈ: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദറിന് തിരിച്ചടിയായി കൊവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കായി കേപ് ടൗണിലേക്ക് പോകാനിരിക്കെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ താരത്തിന് ഏകദിന പരമ്പര നഷ്‌ടമാകുമെന്നാണ് വിവരം.
ജനുവരി 19,21,23 തീയതികളിലായാണ് ഏകദിന പരമ്പര നടക്കുക. ഏകദേശം പത്ത് മാസത്തോളമായി പരിക്കുമൂലം ടീമിന് പുറത്താണ് സുന്ദർ. പരിക്കിൽ നിന്ന് മുക്‌തനായ താരം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചിരുന്നു. തമിഴ്‌നാടിനായി മികച്ച പ്രകടനം കാഴ്‌ചവെച്ചതിനെത്തുടർന്ന് താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
ALSO READ:ഇനി പരിശീലക വേഷത്തിൽ; ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് മോറിസ്
അതേസമയം സുന്ദറിന് പകരക്കാരനെ പ്രഖ്യാപിക്കുമോ എന്ന് ബിസിസിഐ വ്യക്‌തമാക്കിയിട്ടില്ല. രോഹിത് ശർമ്മക്ക് പരിക്കേറ്റതിനാൽ കെഎൽ രാഹുലിന്‍റെ നേത്യത്വത്തിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കെത്തുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്‍റെ ഉപനായകൻ.
ഇന്ത്യൻ ടീം: കെഎൽ രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യൂസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ.