മെൽബൺ : ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് കുടുംബവും അടുത്ത സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. മെൽബണില്‍ നടന്ന സ്വകാര്യ പൊതുദര്‍ശന ചടങ്ങിൽ ഏകദേശം 80 പേരാണ് പങ്കെടുത്തത്.
ഓസ്‌ട്രേലിയൻ താരങ്ങളായ ഗ്ലെൻ മഗ്രാത്ത്, മെർവ് ഹ്യൂസ്, ഇയാൻ ഹീലി, മാർക്ക് വോ, അലൻ ബോർഡർ, മാർക്ക് ടെയ്‌ലർ, മൈക്കൽ ക്ലാർക്ക് എന്നിവരോടൊപ്പം ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണുള്‍പ്പടെയുള്ളവര്‍ താരത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
അതേസമയം മാർച്ച് 30ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരത്തിന്‍റെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്‌കാരമെന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
താരത്തോടുള്ള ആദരസൂചകമായി എംസിജിയുടെ സതേൺ സ്റ്റാൻഡിന് 'എസ്‌കെ വോൺ സ്റ്റാൻഡ്' എന്ന് പുനഃർനാമകരണം ചെയ്യുമെന്നും ആൻഡ്രൂസ് അറിയിച്ചിരുന്നു.
മാര്‍ച്ച് നാലിന് തായ്‌ലാൻഡിലെ കോ സാമുയിയിൽ വെച്ചാണ് 52കാരനായ ഷെയ്‌ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്.
also read: '11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു' ; ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍. ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.