ബ്രിസ്‌ബെയ്ന്‍: ഗാബയിലെ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 147 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന നിലയിലാണ്.
ഇതോടെ ആതിഥേയര്‍ക്ക് 196 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി. സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ട്രാവിസ് ഹെഡ് (95 പന്തില്‍ 112*), അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (176 പന്തില്‍ 94), മാർനസ് ലാബുഷാഗ്നെ (117 പന്തില്‍ 74) എന്നിവരുടെ പ്രകടനമാണ് ഓസീസിന് കരുത്തായത്. 24 പന്തില്‍ 10 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡിനൊപ്പമുള്ളത്.
മാര്‍കസ് ഹാരിസ് (3), സ്‌റ്റീവ് സ്‌മിത്ത് (12), കാമറൂണ്‍ ഗ്രീന്‍ (0) , അലക്‌സ് കാരി (12) , പാറ്റ് കമ്മിന്‍സ് (12), എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ 18 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.