മുംബൈ :അന്തരിച്ച സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോണുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഓരോ പാഠാനുഭവമായിരുന്നുവെന്ന് ഇന്ത്യൻ താരം വിരാട് കോലി. ചില ഘട്ടങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തികൾ പകർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അത്രത്തോളം സ്വാധീനം വോണ്‍ ക്രിക്കറ്റിൽ ചെലുത്തിയിട്ടുണ്ടെന്നും കോലി പറഞ്ഞു. വോണുമായി കളിക്കളത്തിന് പുറത്തും സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത് താൻ ഭാഗ്യമായി കരുതുന്നുവെന്നും കോലി കൂട്ടിച്ചേർത്തു.
വോണ്‍ എപ്പോഴും വളരെ പോസിറ്റീവായിരുന്നു. അദ്ദേഹത്തിന്‍റെ സംഭാഷണങ്ങൾ എല്ലായ്‌പ്പോഴും ക്രിയാത്മകമായിരുന്നു. അതിൽ നിന്ന് ക്രിക്കറ്റിനെക്കുറിച്ച് പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കും. ക്രിക്കറ്റിനെ അദ്ദേഹം അത്രത്തോളം സ്‌നേഹിച്ചിരുന്നു - കോലി പറഞ്ഞു.