ദുബായ് :ടി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശക്‌തരായ ഇംഗ്ലണ്ട് നൽകിയ 189 റണ്‍സ് വിജയ ലക്ഷ്യം ഒരു ഓവറും ഏഴ് വിക്കറ്റും ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇഷാൻ കിഷൻ- കെഎൽ രാഹുൽ ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെ അനായാസ വിജയത്തിന് ചുക്കാൻ പിടിച്ചത്. സ്കോർ : ഇംഗ്ലണ്ട് 188/5, ഇന്ത്യ 192/3.
46 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറുമുൾപ്പെടെ 70 റണ്‍സാണ് ഇഷാൻ കിഷൻ നേടിയത്. 24 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 51 റണ്‍സാണ് രാഹുൽ അടിച്ചെടുത്തത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കെഎൽ രാഹുലിനെ പുറത്താക്കി മാർക്ക് വുഡാണ് ഈ കൂട്ടുകെട്ട് തകർത്തത്.
പിന്നാലെയെത്തിയ വിരാട് കോലി 11 റണ്‍സുമായി പുറത്തായി. എന്നാൽ കിഷന്‍റെ മികവിൽ ഈ സഖ്യം 26 പന്തിൽ 43 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ കിഷൻ റിട്ടയേർഡ് ഹർട്ടായി മടങ്ങി. തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് 8 റണ്‍സുമായി മടങ്ങി.