കേരളം

kerala

ETV Bharat / sports

Wanindu Hasaranga Set To Miss ODI World Cup 2023 : ഹസരങ്ക ലോകകപ്പിനില്ല ? ; ശ്രീലങ്കയ്‌ക്ക് വമ്പന്‍ തിരിച്ചടി

Wanindu Hasaranga Injury : ഏകദിന ലോകകപ്പിനായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ വാനിന്ദു ഹസരങ്കയ്‌ക്ക് ടൂര്‍ണമെന്‍റില്‍ കളിക്കാനായേക്കില്ലെന്ന് റിപ്പോര്‍ട്ട്

By ETV Bharat Kerala Team

Published : Sep 24, 2023, 7:56 PM IST

Wanindu Hasaranga set to miss ODI World Cup 2023  Wanindu Hasaranga  ODI World Cup 2023  Wanindu Hasaranga Injury  വാനിന്ദു ഹസരങ്ക  വാനിന്ദു ഹസരങ്ക പരിക്ക്  ഏകദിന ലോകകപ്പ്
Wanindu Hasaranga set to miss ODI World Cup 2023

കൊളംബോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വമ്പന്‍ നിരാശ. ഏഷ്യ കപ്പിന് പിന്നാലെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയ്‌ക്ക് ഏകദിന ലോകകപ്പ് കൂടി നഷ്‌ടമായേക്കും (Wanindu Hasaranga set to miss ODI World Cup 2023). തുടയ്‌ക്കേറ്റ പരിക്കില്‍ നിന്നും തിരിച്ചുവരികയായിരുന്ന ഹസരങ്കയ്‌ക്ക് പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റെന്നാണ് വിവരം (Wanindu Hasaranga Injury).

വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ പ്രസ്‌തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നിലവിലേറ്റ പരിക്ക് മാറാന്‍ 26-കാരനായ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരും. ഇതോടെ ആറ് മുതല്‍ എട്ട് വരെ ആഴ്‌ച താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കയ്‌ക്ക് ഏകദിന ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാനിന്ദു ഹസരങ്ക (Wanindu Hasaranga) വഹിച്ചിരുന്നത്. ബാറ്റുകൊണ്ടും തിളങ്ങിയ താരം ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്തിയിരുന്നു. 12.90 ശരാശരിയില്‍ 22 വിക്കറ്റുകളായിരുന്നു ഹസരങ്ക വീഴ്‌ത്തിയത്.

തുടര്‍ന്ന് നടന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലും മിന്നും പ്രകടനമായിരുന്നു ഹസരങ്ക നടത്തിയത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായതും വിക്കറ്റ് വേട്ടക്കാരനായതും 26-കാരന്‍ തന്നെയാണ്. 9 ഇന്നിങ്‌സുകളില്‍ നിന്നായി 279 റണ്‍സും 10 ഇന്നിങ്‌സുകളില്‍ നിന്നായി 19 വിക്കറ്റുകളുമായിരുന്നു സ്വന്തമാക്കിയത്.

ലോകകപ്പിനുള്ള കളിക്കാരുടെ അന്തിമ പട്ടിക ഇതേവരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെ 15 അംഗ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബര്‍ 28 ആണ്. ഇതോടെ ആരാവും ഹസരങ്കയ്‌ക്ക് പകരക്കാരനായി സ്‌ക്വാഡിലെത്തുകയെന്നത് വ്യക്തമല്ല.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഓഗസ്റ്റ് അവസാന വാരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഹസരങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2020 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വനിന്ദു ഹസരങ്ക ഫോര്‍മാറ്റില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 2021 ഏപ്രിലില്‍ ബംഗ്ലാദേശിന് എതിരെ ആയിരുന്നു അവസാന ടെസ്റ്റ്. കളിച്ച നാല് ടെസ്റ്റുകളില്‍ നിന്നായി 196 റണ്‍സും നാല് വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം.

അതേസമയം ഇന്ത്യയില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ആതിഥേയര്‍ക്ക് പുറമെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്.

ALSO READ: Jasprit Bumrah Ruled Out Of 2nd ODI : ബുംറയ്‌ക്ക് എന്തുപറ്റി ; രണ്ടാം ഏകദിനത്തില്‍ കളിക്കാത്തതിന്‍റെ കാരണമറിയാം

10 ടീമുകളും പരസ്‌പരം ഓരോ കളികളില്‍ വീതം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ആദ്യ നാലിലെത്തുന്നവര്‍ സെമി ഫൈനലിലേക്ക് കടക്കും. നവംബര്‍ 15-ന് മുംബൈയിലാണ് ആദ്യ സെമി. 16-ന് കൊല്‍ക്കത്തയിലാണ് രണ്ടാം സെമി നടക്കുക. നിലവിലെ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടാണ്.

ABOUT THE AUTHOR

...view details