ദുബായ് : കൊവിഡ് മൂലം പിൻമാറിയ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മണിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി നിയമിച്ചു. ബിസിസിഐയാണ് വാർത്താക്കുറിപ്പിലൂടെ ലക്ഷ്‌മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചകാര്യം അറിയിച്ചത്.
നിലവില്‍ ഏഷ്യ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം വിവിഎസ് ലക്ഷ്‌മണ്‍ ചേർന്നിട്ടുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ ലക്ഷ്‌മണിന് ഒപ്പമുണ്ടായിരുന്ന പരിശീലക സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദ്രാവിഡിന്‍റെ സംഘമായിരിക്കും ലക്ഷ്‌മണിനൊപ്പം പ്രവര്‍ത്തിക്കുക.
നേരത്തെ അയർലാൻഡ്, സിംബാബ്‌വെ പര്യടനങ്ങളിലും ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിരുന്നത് ലക്ഷ്‌മണ്‍ ആയിരുന്നു. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. അതേസമയം കൊവിഡ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ചേരും.
ഏഷ്യ കപ്പിൽ ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിൽ 15 അംഗ ടീമിനെയാണ് ഏഷ്യ കപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്‌റ്റൻ. പരിക്കിനെ തുടർന്ന് പേസർ ജസ്‌പ്രീത് ബുംറയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.