ട്രെന്‍റ് ബ്രിഡ്‌ജ്:ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (ODI World Cup) ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്‌ടോബര്‍ അഞ്ചിന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും കൂടുതല്‍ ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നത് ഇന്ത്യ (India) - പാകിസ്ഥാന്‍ (Pakistan) പോരാട്ടം കാണാന്‍ വേണ്ടിയാണ്. 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം.
ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇരു ടീമും അവസാനം പരസ്‌പരം ഏറ്റുമുട്ടിയത്. മെല്‍ബണില്‍ നടന്ന ആ മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. സ്വന്തം മണ്ണില്‍ ആ ജയം ഇന്ത്യ ഏകദിന ലോകകപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍, ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന ഒരു ചെറിയ സൂചന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി (Shaheen Afridi). ഇംഗ്ലണ്ടിലെ ടി20 ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റിലെ (Vitality Blast) തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഷഹീന്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുന്നത്. ഇന്നലെ (ജൂണ്‍ 30) നടന്ന മത്സരത്തിന്‍റെ ആദ്യ ഓവറില്‍ നാല് വിക്കറ്റാണ് ഇടം കയ്യന്‍ ബൗളര്‍ എറിഞ്ഞിട്ടത്.
നോട്ടിങ്‌ഹാംഷെയര്‍ (Nottinghamshire) താരമായ ഷഹീന്‍ അഫ്രീദി വാർവിക്‌ഷെയറിനെതിരായ (Warwickshire) മത്സരത്തിലാണ് തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്‌ചവെച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത നോട്ടിങ്‌ഹാംഷെയര്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാർവിക്ഷയറിന്‍റെ മുന്‍നിര താരങ്ങള്‍ക്ക് ഷഹീന്‍ അഫ്രീദിയുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
വാര്‍വിക്‌ഷെയറിന്‍റെ നായകന്‍ അലക്‌സ് ഡേവിസ് ആയിരുന്നു ആദ്യം ഷഹീനിന്‍റെ ഇന്‍സ്വിങ് യോര്‍ക്കറിന് മുന്നില്‍ വീണത്. അക്കൗണ്ട് തുറക്കും മുന്‍പ് ഇന്നിങ്സിലെ ആദ്യ പന്തില്‍ ഡേവിസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അടുത്ത പന്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ക്രിസ് ബെഞ്ചമിനും മടങ്ങി.