ലെസ്റ്റര്‍: ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. 11 പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ ജയത്തിനായി തമ്മില്‍ പോരടിക്കുന്ന ഒരു കായിക വിനോദം. ജയത്തിന് വേണ്ടി വീറും വാശിയോടെയുമാണ് ഒരു മത്സരത്തിനിറങ്ങുന്ന രണ്ട് ടീമും പോരടിക്കുന്നത്.
എതിരാളികളെ വീഴ്‌ത്താന്‍ പല തന്ത്രങ്ങളും ഒരു ടീം മെനയും. എതിരാളികളില്‍ പലരും ചിലപ്പോള്‍ ആ തന്ത്രങ്ങളില്‍ വീഴും. ചിലര്‍ അതിന് മറു തന്ത്രം പ്രയോഗിച്ച് തിരിച്ചടിക്കും.
ഒരു വിക്കറ്റ് ലഭിക്കാന്‍ സ്വന്തം ടീമിലുള്ളവരുടെ സഹായം ലഭിക്കുന്നത് ക്രിക്കറ്റ് എന്ന ഗെയിമില്‍ സ്വാഭാവികമാണ്. എന്നാല്‍, ഇങ്ങനെയൊരു സഹായം എതിര്‍ ടീമിലെ താരത്തില്‍ നിന്നും ലഭിച്ചാലോ..? അത്തരത്തിലുള്ള വിചിത്രമായ ഒരു സംഭവത്തിന് വേദിയായിരിക്കുകയാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ലീഗായ വിറ്റലിറ്റി ടി20 ബ്ലാസ്റ്റ് (Vitality T20 Blast).
വിറ്റലിറ്റി ബ്ലാസ്റ്റില്‍ ജൂണ്‍ 20ന് നടന്ന മത്സരത്തിലാണ് ഇത്തരത്തിലൊരു രസരകരമായ സംഭവം അരങ്ങേറിയത്. അന്ന് നോട്ടിങ്‌ഹാംഷെയറും (Nottinghamshire) ലെസ്റ്റര്‍ഷെയറും (Leicestershire) തമ്മിലായിരുന്നു മത്സരം. പതിമൂന്നാം ഓവറിലാണ് മത്സരത്തിന് വേദിയായ ഗ്രേസ് റോഡ് (Grace Road) സ്റ്റേഡിയം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത നോട്ടിങ്‌ഹാംഷെയര്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സായിരുന്നു നേടിയത്. ഇത് പിന്തുടര്‍ന്നിറങ്ങിയ ലെസ്റ്റര്‍ഷെയറിന് തുടക്കത്തിലെ മികച്ച തുടക്കം മുതലെടുക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ നോട്ടിങ്‌ഹാംഷെയര്‍ ലെസ്റ്ററില്‍ നിന്നും പതിയെ പതിയെ മത്സരം പിടിച്ചെടുത്തു.
ആദ്യ വിക്കറ്റില്‍ 63 റണ്‍സ് അടിച്ച ലെസ്റ്ററിന് അതിവേഗം തന്നെ പിന്നീട് വിക്കറ്റുകള്‍ നഷ്‌ടമായി തുടങ്ങി. 8.5 ഓവറില്‍ 63-1 എന്ന നിലയിലായിരുന്ന അവര്‍ 12.1 ഓവറില്‍ 81-4 എന്ന നിലയിലേക്ക് വീണു. റിഷി പട്ടേലും നായകന്‍ അക്കര്‍മാനും അതിവേഗം പവലിയനിലേക്ക് മടങ്ങി.
സ്‌ട്രൈക്കിങ് എന്‍ഡില്‍ ഉണ്ടായിരുന്ന ലെസ്റ്ററിന്‍റെ ക്യാപ്‌റ്റന്‍ കോളിന്‍ (Colin Ackermann) അക്കര്‍മാനാണ് സഹതാരത്തിന്‍റെ അറിയാതെയുള്ള സഹായത്തോടെ പുറത്താകേണ്ട ഗതികേട് ഉണ്ടായത്. വിയാന്‍ മല്‍ഡര്‍ (Wiaan Mulder) ആയിരുന്നു നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ ക്രീസിലുണ്ടായിരുന്നത്. 13-ാം ഓവര്‍ എറിയാനെത്തിയ സ്റ്റീവന്‍ മുല്ലാനി (Steven Mullani) ആയിരുന്നു ലെസ്റ്റര്‍ നായകന്‍റെ വിക്കറ്റ് നേടിയത്.
ഓവറിലെ ആദ്യ പന്ത് സ്ട്രെയിറ്റിലേക്ക് അടിച്ച് റണ്‍സ് കണ്ടെത്താനായിരുന്നു അക്കര്‍മാന്‍റെ ശ്രമം. എന്നാല്‍ താരത്തിന്‍റെ ഷോട്ട് നേരെ ചെന്നത് ബോളര്‍ മുല്ലാനിക്ക് നേരെ. എന്നാല്‍ നോട്ടിങ്‌ഹാംഷെയര്‍ ബൗളര്‍ക്ക് ആ പന്ത് ആദ്യ ശ്രമത്തില്‍ തന്നെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.
നേരെ വന്ന പന്ത് താരത്തിന്‍റെ കയ്യില്‍ തട്ടിത്തെറിച്ചു. മുല്ലാനിയുടെ കയ്യിലിടിച്ച് തെറിച്ച പന്ത് നേരെ ചെന്നിടിച്ചതാകട്ടെ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന വിയാന്‍ മല്‍ഡറുടെ ദേഹത്തും. മല്‍ഡറുടെ ദേഹത്തിടിച്ച പന്ത് വീണ്ടും മുല്ലാനിയുടെ കൈകളിലേക്ക്.
അല്‍പം പണിപ്പെട്ടാണെങ്കിലും ഇപ്രാവശ്യം പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ മുല്ലാനിക്ക് സാധിച്ചു. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് കരകയറാന്‍ ലെസ്റ്റര്‍ഷെയറിനുമായില്ല. ഒടുവില്‍ മത്സരത്തില്‍ 22 റണ്‍സിന്‍റെ തോല്‍വിയും അവര്‍ക്ക് വഴങ്ങേണ്ടി വന്നു.
Also read :Vitality Blast | ബൗണ്ടറി ലൈനില്‍ 'അസാധ്യ' ക്യാച്ച്, അമ്പരന്ന് ക്രിക്കറ്റ് ലോകം: ബ്രാഡ് കറിയാണ് താരം... വീഡിയോ