ബ്രൈറ്റണ്‍:ബൗണ്ടറി ലൈനിന് തൊട്ടരികില്‍ പന്ത് പറന്നുപിടിച്ച് സ്‌കോട്‌ലന്‍ഡ് യുവ താരം ബ്രാഡ് കറി (Brad Currie). ഇംഗ്ലണ്ടിലെ ടി20 ക്രിക്കറ്റ് ലീഗായ വിറ്റലിറ്റി ബ്ലാസ്റ്റില്‍ (Vitality Blast) നടന്ന സസെക്‌സ് (Sussex) ഹാംപ്‌ഷെയര്‍ (Hampshire) ടീമുകള്‍ തമ്മിലേറ്റുമുട്ടിയ മത്സരത്തിലാണ് 24 കാരനായ താരത്തിന്‍റെ അത്യുഗ്രന്‍ ഫീല്‍ഡിങ് പ്രകടനം ക്രിക്കറ്റ് ലോകം കണ്ടത്. ലീഗില്‍ സസെക്‌സ് താരമാണ് ബ്രാഡ് കറി.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സസെക്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സ് നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒലീ കാര്‍ട്ടറിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലായിരുന്നു ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഇടം കയ്യന്‍ ഫാസ്റ്റ് ബോളറായ ബ്രാഡ് കറിയ്‌ക്ക് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹാംപ്‌ഷെയറിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടി20 കരിയറിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സ്‌കോട്ടിഷ് താരം ബ്രാഡ് കറി ഹാംപ്‌ഷെയറിനെ തുടക്കത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. മത്സരത്തില്‍ പന്തെറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സ്‌കോട്ടിഷ് താരത്തിന് സാധിച്ചു.
ഹാംപ്‌ഷെയര്‍ നായകന്‍ ജെയിംസ് വിന്‍സ്, മൂന്നാമന്‍ ടോബി ആല്‍ബര്‍ട്ട് എന്നിവരെ രണ്ടാം ഓവറിലാണ് ബ്രാഡ് കറി മടക്കിയത്. പിന്നീട് പതിയെ താളം കണ്ടെത്തിയ ഹാംപ്‌ഷെയര്‍ മത്സരത്തിലേക്കും തിരിച്ചുവന്നു. ഇതിനിടെയാണ് ടീമിന്‍റെ ജയ പ്രതീക്ഷകള്‍ക്ക് മേല്‍ വെള്ളിടി പോലെ 24കാരനായ താരം പറന്നിറങ്ങിയത്.