ന്യൂഡല്‍ഹി : ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ഇതിഹാസം വീരേന്ദർ സെവാഗ്. ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ എംഎസ് ധോണിയെ മറികടന്ന് മുംബൈ ഇന്ത്യൻസിന്‍റെ രോഹിത് ശർമയെയാണ് സെവാഗ് തെരഞ്ഞെടുത്തിരിക്കുന്നത്. രോഹിത്തിന് കീഴില്‍ മുംബൈ നേടിയ കിരീടങ്ങള്‍ താരത്തിന്‍റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുന്നതാണെന്നാണ് സെവാഗ് പറയുന്നത്.
"രോഹിത് നേടിയ കിരീടങ്ങളുടെ എണ്ണം നിങ്ങളോട് എല്ലാം പറയും. ഇന്ത്യൻ ടീമിനെ നയിച്ച അനുഭവപരിചയം എംഎസ് ധോണിക്കുണ്ടായിരുന്നു. തുടർന്നാണ് അദ്ദേഹം ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ നായകനായത്.
മുംബൈയ്‌ക്കൊപ്പമാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി കരിയര്‍ ആരംഭിക്കുന്നത്. അവിടെ നിന്നാണ് അവന്‍ വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. അതിനാൽ, അവൻ കൂടുതൽ ക്രെഡിറ്റ് അർഹിക്കുന്നു.
ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി പുതിയതും വ്യത്യസ്തവുമായ കാര്യങ്ങൾ പരീക്ഷിച്ച സൗരവ് ഗാംഗുലിയെപ്പോലെയായിരുന്നു രോഹിത് മുംബൈയെ വിജയങ്ങളിലേക്ക് നയിച്ചത്. ഒടുവില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ഒന്നാം നമ്പർ ഏകദിന ടീമായി മാറി.
അതുകൊണ്ടാണ് രോഹിത്തിനെ ഞാൻ തെരഞ്ഞെടുത്തത്". ഒരു സ്‌പോര്‍ട്‌സ് ചാനലിലെ ചര്‍ച്ചയില്‍ സെവാഗ് പറഞ്ഞു. ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ചര്‍ച്ചയുടെ ഭാഗമായിരുന്നു. സെവാഗിനോട് വിയോജിച്ച ഹര്‍ഭജന്‍ ധോണിയാണ് ഐപിഎല്ലിലെ മികച്ച നായകനെന്നാണ് അഭിപ്രായപ്പെട്ടത്.
ALSO READ:ടി20യില്‍ വമ്പന്‍ നേട്ടവുമായി ദീപ്‌തി ശര്‍മ; അഭിനന്ദിച്ച് രാകുല്‍ പ്രീത് സിങ്
"എന്‍റെ വോട്ട് ധോണിക്കാണ്. കാരണം, ആദ്യ വർഷം മുതൽ അദ്ദേഹം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് കളിച്ചത്. ആ ഫ്രാഞ്ചൈസിയെ വിജയിപ്പിക്കുന്നതിൽ ധോണി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ ടീമിനെ നയിച്ച രീതി അസാധാരണമാണ്.
മറ്റ് ക്യാപ്റ്റൻമാരും മികച്ച പ്രകടനം നടത്തി ടൂർണമെന്‍റിൽ വിജയിച്ചിട്ടുണ്ട്. പക്ഷേ എന്‍റെ വോട്ട് തീർച്ചയായും ധോണിക്കാണ്. രോഹിത് അഞ്ചും ധോണി നാലും കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
രണ്ട് ടീമുകൾക്കും വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. 10 വർഷമായി മുംബൈ ഇന്ത്യൻസിനായാണ് ഞാന്‍ കളിച്ചത്. പക്ഷേ ചെന്നൈക്കൊപ്പമുള്ള രണ്ട് വര്‍ഷങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു" - ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.