മുംബൈ :രാജ്യത്തിന്‍റെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ (Republic Of India) എന്നതില്‍ നിന്ന് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' (Republic Of Bharat) എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. ജി20 ഉച്ചകോടിയിലേക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍, ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ രാജ്യത്തിന്‍റെ പേരുമാറ്റുന്നതിന് ശക്തമായ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വിരേന്ദർ സെവാഗ് (Virender Sehwag on Renaming India To Bharat).
നമ്മൾ ഭാരതീയരാണെന്നും ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നുമാണ് സെവാഗ് പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വിരേന്ദര്‍ സെവാഗ് (Virender Sehwag) തന്‍റെ അഭിപ്രായം കുറിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ കളിക്കാരുടെ ജഴ്‌സിയില്‍ 'ഭാരത്' എന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബിസിസിഐ, ജയ് ഷാ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടുള്ള എക്‌സ് പോസ്റ്റില്‍ സെവാഗ് പറയുന്നുണ്ട് (Virender Sehwag urges BCCI to use Bharat on ODI World Cup 2023 jerseys instead of India).
"ഒരു പേര് നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. 'ഭാരത്' എന്ന നമ്മുടെ യഥാർഥ നാമം ഔദ്യോഗികമായി തിരികെ ലഭിക്കുന്നതിന് വളരെ കാലതാമസമുണ്ടായി.
ഈ ലോകകപ്പില്‍ നമ്മുടെ കളിക്കാരുടെ നെഞ്ചില്‍ ഭാരത് എന്നുണ്ടാവണമെന്നത് ഉറപ്പാക്കാന്‍ ബിസിസിഐ, ജയ് ഷാ എന്നിവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു"- വിരേന്ദർ സെവാഗ് എക്‌സില്‍ കുറിച്ചു.