മുംബൈ:ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ് (Virender Sehwag on Renaming India Post criticism). തന്‍റെ വാക്കുകളില്‍ ആളുകള്‍ രാഷ്‌ട്രീയം കാണുന്നത് വലിയ തമാശയാണ്. തനിക്ക് ഒരു രാഷ്‌ട്രീയ ലക്ഷ്യവും ഇല്ലെന്നും താനൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും ആളല്ലെന്നുമാണ് സെവാഗ് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
"നമ്മുടെ രാഷ്‌ട്രത്തെ 'ഭാരത്' എന്ന് അഭിസംബോധന ചെയ്യണമെന്ന എന്‍റെ ആഗ്രഹത്തില്‍ ആളുകള്‍ രാഷ്‌ട്രീയം കാണുന്നത് വലിയ തമാശയാണ്. ഞാൻ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയുടെയും ആരാധകനല്ല. രാജ്യത്തെ രണ്ട് ദേശീയ പാർട്ടികളിലും നല്ലവരുണ്ട്, രണ്ട് പാർട്ടികളിലും കഴിവുകെട്ടവരും ധാരാളം.
എനിക്കൊരിക്കലും ഒരു രാഷ്‌ട്രീയ അഭിലാഷവും ഉണ്ടായിട്ടില്ലെന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും രണ്ട് പാർട്ടികളിൽ നിന്നും ലഭിച്ച ഓഫര്‍ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ഏതെങ്കിലും പാർട്ടിയിൽ നിന്നും ഒരു ടിക്കറ്റ് ലഭിക്കാൻ ക്രിക്കറ്റിലെ എന്‍റെ നേട്ടങ്ങള്‍ മാത്രം മതി.
ഹൃദയം തുറന്ന് സംസാരിക്കുന്നത് രാഷ്‌ട്രീയ അഭിലാഷത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്‍റെ ഒരേയൊരു താൽപര്യം 'ഭാരത്' ആണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത മുന്നണിയെ അവര്‍ I.N.D.I.A എന്ന് വിളിക്കുന്നതുപോലെ, അവർക്ക് B.H.A.R.A.T എന്നും സ്വയം വിളിക്കാനാവും. അതിന് ഉചിതമായ പൂർണ രൂപം നിർദേശിക്കാൻ കഴിയുന്ന നിരവധി സർഗാത്മകരായ ആളുകളിവിടെയുണ്ട്. കോൺഗ്രസ് പോലും 'ഭാരത് ജോഡോ യാത്ര' എന്ന പേരിൽ ഒരു യാത്ര നടത്തിയിരുന്നു. നിർഭാഗ്യവശാൽ പലർക്കും 'ഭാരത്' എന്ന വാക്കിൽ അരക്ഷിതാവസ്ഥ തോന്നുന്നു.
എന്‍റെ അഭിപ്രായത്തിൽ, സഖ്യത്തിന്‍റെ പേര് പരിഗണിക്കാതെ തന്നെ, മോദിയും പ്രതിപക്ഷ നേതാവും തമ്മിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലുള്ള മത്സരം. ആരാണോ മികച്ചത് അവര്‍ വിജയിക്കട്ടെ. 'ഭാരതം' എന്ന പേരിൽ നമ്മളെ ഒരു രാജ്യമായി അഭിസംബോധന ചെയ്താൽ എനിക്കത് ഏറെ സംതൃപ്തിയും സന്തോഷവും നല്‍കുന്ന കാര്യമാണ് (Virender Sehwag on Renaming India to Bharat) "- വിരേന്ദര്‍ സെവാഗ്.
ALSO READ: Sunil Gavaskar On Renaming India To Bharat : 'ഭാരത് ക്രിക്കറ്റ് ടീം എന്നാക്കുന്നതില്‍ പ്രശ്‌നമില്ല,പക്ഷേ' ; പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍
അതേസമയം നമ്മൾ ഭാരതീയര്‍ ആണെന്നും ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നുമാണ് കഴിഞ്ഞ ദിവസം വിരേന്ദര്‍ സെവാഗ് (Virender Sehwag) എക്‌സില്‍ കുറിച്ചത്. ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ കളിക്കാരുടെ ജഴ്‌സിയില്‍ 'ഭാരത്' എന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബിസിസിഐ, ജയ് ഷാ എന്നിവരോട് സെവാഗ് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു.