മുംബൈ : ഓസ്ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറിയടിച്ചിട്ടും യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ ( Shubman Gill) വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. മൂന്നക്കം കടന്നതിന് പിന്നാലെ വിക്കറ്റ് തുലച്ച ഗില്ലിന്‍റെ നടപടിയെയാണ് വിരേന്ദര്‍ സെവാഗ് വിമര്‍ശിക്കുന്നത് (Virender Sehwag criticizes Shubman Gill). ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടാന്‍ ഗില്ലിന് അവസരമുണ്ടായിരുന്നുവെന്നാണ് 44-കാരന്‍ പറയുന്നത്.
"മൊഹാലിയിലെ ആദ്യ മത്സരത്തില്‍ നഷ്‌ടമായ സെഞ്ചുറി അവന്‍ ഇന്‍ഡോറില്‍ ഉറപ്പാക്കി. പക്ഷേ, നിലവിലുള്ള ഫോമില്‍ അവന്‍ 160-180 റണ്‍സെങ്കിലും നേടാനും അത് ഇരട്ട സെഞ്ചുറിയിലേക്ക് എത്തിക്കാനും ശ്രമിക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. അവനിപ്പോള്‍ വെറും 25 വയസേ ഉള്ളൂ.
ഈ പ്രായത്തില്‍ ഇരട്ട സെഞ്ചുറി അടിച്ചതിന് ശേഷം മുഴുവന്‍ ഓവറും ഫീല്‍ഡ് ചെയ്യാനും അവന് കഴിയുമായിരുന്നു. എന്നാല്‍ 30 വയസൊക്കെ ആവുമ്പോള്‍ കാര്യങ്ങള്‍ ഇതുപോലെ ആകണമെന്നില്ല. അതിനാല്‍ വലിയ സ്‌കോറുകള്‍ നേടാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്" - വിരേന്ദര്‍ സെവാഗ് (Virender Sehwag) പറഞ്ഞു.
ഗില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 18 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നുവെന്നും വിരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. "ഫോമിലുള്ള സമയത്ത് നിങ്ങള്‍ റണ്‍സ് നേടണം. അല്ലാതെ വിക്കറ്റ് വലിച്ചെറിയുകയല്ല ചെയ്യേണ്ടത്. അവന്‍ പുറത്താവുന്ന സമയത്ത് ഇന്ത്യയ്‌ക്ക് 18 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. അതില്‍ എട്ടോ ഒമ്പതോ ഓവറുകള്‍ കൂടി ബാറ്റ് ചെയ്‌തിരുന്നെങ്കില്‍ അവന് കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാമായിരുന്നു"- വിരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.