പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കളിച്ച നാല് മത്സരവും ജയിച്ച് അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ പടയോട്ടത്തിന് മുന്നില്‍ വീണത്. ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന്‍റെ മിന്നും ജയമായിരുന്നു രോഹിത് ശര്‍മയും സംഘവും നേടിയെടുത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ പൂനെയില്‍ നിശ്ചിത ഓവറില്‍ 256 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 51 പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു. ബൗളര്‍മാരുടെയും ബാറ്റര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിനെതിരെ അനായാസ ജയം സമ്മാനിച്ചത്.
സെഞ്ച്വറിയടിച്ച വിരാട് കോലിയെ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. മത്സരശേഷം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയോട് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു വിരാട് കോലി ഈ പുരസ്‌കാരം സ്വീകരിച്ചത്. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെ മാര്‍ക്ക് നിക്കോളസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിരാട് കോലി.
ഇന്ത്യന്‍ ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായിരുന്നു, എന്നാല്‍ അവസാന നിമിഷം ജഡേജയില്‍ നിന്നും കോലി അത് തട്ടിയെടുത്തു എന്നായിരുന്നു മാര്‍ക്ക് നിക്കോളസ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു വിരാട് കോലിയുടെ പ്രതികരണം.