''വിരമിച്ച് കഴിയുമ്പോഴാണ് പലരും ഇതിഹാസങ്ങളായി മാറുന്നത്… എന്നാല്‍ തന്റെ 30-ാം വയസില്‍ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടവനാണ് വിരാട് കോലി…'' - യുവരാജ് സിങ്.
കാലഘട്ടത്തിന് അനുസരിച്ച് ഓരോ കായിക ഇനത്തിനും ഓരോ ഹീറോകള്‍ ഉണ്ടാകാറുണ്ട്. ക്രിക്കറ്റിലെ ആദ്യ ഹീറോ ആരെന്ന ചോദ്യത്തിന് പലരും ആദ്യം പറയുന്ന ഉത്തരം സര് ഡോണ്‍ ബ്രാഡ്മാന് എന്നായിരിക്കും. പിന്നാലെ സര് വിവിയന്‍ റിച്ചാര്‍ഡ്സ്, സുനില്‍ ഗവാസ്കര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കും… ഏത് കാലഘട്ടത്തിലും മികവ് പുലര്‍ത്താന്‍ ശേഷിയുള്ളവരാണ് ഈ പട്ടികയിലെ താരങ്ങളെല്ലാം.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന പേരാണ് 'സച്ചിന് ടെണ്ടുല്‍ക്കര്‍' എന്നത്. നീണ്ട 24 വര്‍ഷം അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ആ കാലയളവില്‍ ലോക ക്രിക്കറ്റില്‍ സച്ചിന് പടുത്തുയര്‍ത്തിയ സാമ്രാജ്യം അത്ര ചെറുതൊന്നുമായിരുന്നില്ല.
സച്ചിന് വിരമിച്ച് കഴിഞ്ഞാല്‍ എന്തായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി…? ഒരിക്കല്‍ പല ക്രിക്കറ്റ് ആരാധകരുടെയും മനസില്‍ ഉരുത്തിരിഞ്ഞ ചോദ്യമാണിത്. എന്നാല്‍, ഇതിനുള്ള ഉത്തരം വേഗത്തില്‍ തന്നെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വിരാട് കോലിയെന്ന ചെറുപ്പക്കാരനിലൂടെ ലഭിച്ചു. മൈതാനത്ത് അയാളുടെ ബാറ്റില്‍ നിന്നും റണ്‍സും സെഞ്ച്വറിയും പിറന്നു, ശരവേഗത്തില്‍ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും മുഖമായി മാറി…
ക്രിക്കറ്റിലെ രാജാവായ വിരാട് കോലി:സച്ചിന് ക്രിക്കറ്റിലെ ദൈവമാണെങ്കില്‍ വിരാട് കോലി ക്രിക്കറ്റിലെ രാജാവാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിരാട് കോലിക്കും തന്റേതായ ഒരു സാമ്രാജ്യം തന്നെ ക്രിക്കറ്റില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
വര്‍ഷം 2008, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള കൗമാരപ്പട ഇന്ത്യയ്ക്കായി അണ്ടര്‍ 19 കിരീടം സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം തന്നെയാണ് വിരാട് കോലി തന്റെ 19-ാം വയസില്‍ സീനിയര്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത്. അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് കോലിക്ക് അതിവേഗം തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്.