അഹമ്മദാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) മികച്ച താരമായി വിരാട് കോലി (Virat Kohli Won Player Of The Tournament Award). ലോകകപ്പില്‍ ഉടനീളം പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് കോലിയെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഫൈനലില്‍ ഉള്‍പ്പടെ 11 മത്സരങ്ങളില്‍ നിന്നും 95.62 ശരാശരിയില്‍ 765 റണ്‍സാണ് വിരാട് കോലി ഈ ലോകകപ്പില്‍ അടിച്ചെടുത്തത് (Virat Kohli Stats In Cricket World Cup 2023).
ഈ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് വിരാട് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളോടും ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടും കോലി സെഞ്ച്വറി നേടി. ആറ് അര്‍ധ സെഞ്ച്വറികളും അടിച്ചെടുക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്കായി.
90.31 സ്‌ട്രൈക്ക് റേറ്റിലാണ് വിരാട് കോലി ടീമിനായി സ്കോര്‍ ഉയര്‍ത്തിയത്. ഇത്തവണത്തെ പ്രകടനത്തോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനും വിരാട് കോലിക്ക് സാധിച്ചു. 2003ല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡാണ് കോലി ഇത്തവണ പഴങ്കഥയാക്കിയത്.
673 റണ്‍സാണ് സച്ചിന്‍ അന്ന് നേടിയത്. ഓസ്‌ട്രേലിയ കിരീടം ഉയര്‍ത്തിയ ആ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഇതിന്‍റെ ആവര്‍ത്തനം തന്നെയാണ് ഇത്തവണയും ക്രിക്കറ്റ് ആരാധകര്‍ കണ്ടത്.
11 മത്സരങ്ങളില്‍ നിന്നും നേടിയ 765 റണ്‍സ് പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായും കോലി മാറി. 1795 റണ്‍സാണ് കോലിയുടെ ലോകകപ്പ് കരിയറില്‍ ഇപ്പോഴുള്ളത് (Virat Kohli Stats In ODI World Cup History). 37 മത്സരങ്ങളില്‍ നിന്നും 59.83 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് സ്കോര്‍ ചെയ്‌തത്. 44 മത്സരങ്ങളില്‍ നിന്നും 2248 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍ (Most Runs In Cricket World Cup).
അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. വിരാട് കോലി (54), കെഎല്‍ രാഹുല്‍ (66), രോഹിത് ശര്‍മ (47) എന്നിവരൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 43-ാം ഓവറിലാണ് ജയം സ്വന്തമാക്കിയത്. നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലബുഷെയ്‌ന്‍റെയും പ്രകടനങ്ങളാണ് കങ്കാരുപ്പടയ്‌ക്ക് ആറാം ലോക കിരീടം സമ്മാനിച്ചത്. 120 പന്തില്‍ 137 റണ്‍സ് നേടിയ ഹെഡ് ജയത്തിന് തൊട്ടരികില്‍ വീണപ്പോള്‍ ലബുഷെയ്‌ന്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു (India vs Australia Final Match Result).
Also Read :'എല്ലാവിധത്തിലും ശ്രമിച്ചു, പക്ഷെ.. ആഗ്രഹിച്ചത് ഇതായിരുന്നില്ല': ലോകകപ്പ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ