ക്രിക്കറ്റ് മൈതാനത്തിന് അകത്തായാലും പുറത്തായാലും ആരാധകരെ ആവേശത്തിലാക്കാനും രസിപ്പിക്കാനും എപ്പോഴും മുന്‍ നിരയിലുണ്ടാകുന്ന താരമാണ് വിരാട് കോലി. ഗ്രൗണ്ടില്‍ ഡാന്‍സ് കളിച്ചും സ്വന്തം ടീമിലെ താരങ്ങളുടെ നേട്ടങ്ങള്‍ തന്‍റെ ശൈലിയില്‍ ആഘോഷിച്ചുമെല്ലാം വിരാട് കോലി ആരാധകമനം കവര്‍ന്നിട്ടുണ്ട്. താന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് ക്രിക്കറ്റ് എന്ന കായിക ഇനത്തോടുള്ള ആവേശം തെല്ലും കുറയുന്നതല്ലെന്ന് കളിയാസ്വാദകരെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലൂടെ കഴിഞ്ഞിരുന്നു.
ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളിയും ജയിച്ച് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിക്കാന്‍ സാധിച്ച ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരം ടൂര്‍ണമെന്‍റില്‍ രോഹിതിന്‍റെയും സംഘത്തിന്‍റെയും യാത്രയേയും ബാധിക്കുന്നതുമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് നടന്ന മത്സരത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചതും.
ഇതോടെ വിരാട് കോലി (Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), മുഹമ്മദ് സിറാജ് (Mohammed Siraj), കുല്‍ദീപ് യാദവ് (Kuldeep Yadav) എന്നിവര്‍ക്ക് വിശ്രമവും കിട്ടി. ഇവര്‍ക്ക് പകരക്കാരായി തിലക് വര്‍മ (Tilak Varma), സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur), മുഹമ്മദ് ഷമി (Mohammed Shami), പ്രസിദ് കൃഷ്‌ണ (Prasidh Krishna) എന്നിവര്‍ ടീമിലേക്കുമെത്തി.