ദുബായ് : വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് ശേഷം ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ട്വിറ്ററിലൂടെയാണ് താരം ഔദ്യോഗിക അറിയിപ്പ് നൽകിയത്. അമിത ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി അറിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിക്കാനും ഉത്തരവാദിത്തത്തോടെ നയിക്കാനും ഭാഗ്യം ലഭിച്ചു. ഇന്ത്യൻ ടീമിന്‍റെ നായകനായ യാത്രയിൽ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിന്‍റെയും, ആറ് വർഷത്തോളമായി ടീമിനെ നയിക്കുകയും ചെയ്യുന്നതിന്‍റെ ജോലിഭാരം കണക്കിലെടുത്താണ് ഈ സ്ഥാനമൊഴിയൽ.