ന്യൂഡല്‍ഹി : പ്രൊഫഷണല്‍ ടെന്നിസില്‍ നിന്നും വിരമിച്ച സ്വിസ് ഇതിഹാസ താരം റോജർ ഫെഡറുടെ അവസാന മത്സരത്തില്‍ പങ്കാളിയായി കളത്തിറങ്ങിയത് സ്‌പാനിഷ് താരം റാഫേൽ നദാലാണ്. ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായാണ് നദാല്‍ ഫെഡററിനൊപ്പം കളിക്കാനിറങ്ങിയത്. മത്സരത്തില്‍ അമേരിക്കന്‍ സഖ്യത്തോട് ഫെഡറർ-നദാല്‍ സഖ്യം തോല്‍വി വഴങ്ങിയിരുന്നു.
നദാലും ഫെഡററും ഒന്നിച്ചുള്ള വികാരനിര്‍ഭര നിമിഷങ്ങള്‍ ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു. ഫെഡറര്‍ക്കൊപ്പം കണ്ണീരണിഞ്ഞിരിക്കുന്ന നദാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തു. ഇത് എക്കാലത്തെയും മനോഹരമായ കായിക ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി.