ഹൈദരാബാദ്: മോശം ഫോമുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മിന്നുന്ന മറുപടിയാണ് വിരാട് കോലി നല്‍കുന്നത്. ഓസീസിനെതിരായ മൂന്നാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായാണ് കോലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 63 റൺസാണ് താരം അടിച്ചെടുത്തത്.
ഇതോടെ അന്താരാഷ്‌ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാനും കോലിക്ക് കഴിഞ്ഞു. വൈറ്റ് ബോൾ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് വിരാട് കോലി സ്വന്തമാക്കിയത്. നിലവില്‍ 369 മത്സരങ്ങളിലെ 352 ഇന്നിങ്‌സുകളില്‍ നിന്നും 16,004 റണ്‍സാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ കോലിയുടെ അക്കൗണ്ടിലുള്ളത്.
44 സെഞ്ചുറികളും 97 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 262 ഏകദിനങ്ങളിൽ നിന്ന് 57.68 ശരാശരിയിൽ 12,344 റൺസുകളാണ് താരം നേടിയത്. 43 സെഞ്ചുറികളും 64 അർധസെഞ്ചുറികളുമാണ് ഫോര്‍മാറ്റില്‍ താരം കണ്ടെത്തിയത്.