ലണ്ടന്‍ : ഇന്ത്യയ്‌ക്കായി ലോകകപ്പും ഏഷ്യ കപ്പും നേടുക എന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അതിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നും കോലി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. മോശം ഫോം വലയ്‌ക്കുന്ന താരം നിലവില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയിലാണ്.
ഓഗസ്റ്റ് 27 മുതല്‍ യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പും നടക്കും. വിശ്രമം അനുവദിച്ചിരുന്നതിനാല്‍ 2018ലെ ഏഷ്യ കപ്പില്‍ കോലി കളിച്ചിരുന്നില്ല. അന്ന് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തിയിരുന്നു.
ടി20, ഏകദിന ഫോര്‍മാറ്റുകളിലായി നടക്കുന്ന ഏഷ്യ കപ്പില്‍ 14 ഇന്നിങ്‌സുകളില്‍ 766 റൺസ് നേടിയ കോലി ടൂർണമെന്‍റിൽ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്. എന്നാല്‍ 13 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും മോശം അവസ്ഥയിലാണ് കോലിയുള്ളത്. ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന താരത്തിന്‍റെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നത് 2019 നവംബറിലാണ്.
ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതോടെ താരത്തെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അടുത്തിടെ രംഗത്തെത്തിയിരുന്നു.