ലണ്ടന്‍: തന്‍റെ കരിയറിലെ മോശം ഘട്ടത്തില്‍ പിന്തുണ അറിയിച്ച പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം വിരാട് കോലി. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തില്‍ ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് ബാബര്‍ കോലിക്ക് പിന്തുണ അറിയിച്ചത്.
'ഈ സമയവും കടന്നുപോകും, ശക്തമായി തുടരുക' എന്നാണ് കോലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബര്‍ ട്വീറ്റ് ചെയ്‌തത്.
'നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് ബാബറിന് മറുപടിയായി കോലി കുറിച്ചത്. കോലിയുടെ മറുപടി ഉടന്‍ തന്നെ വൈറലാവുകയും ചെയ്‌തു. 13 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലാണ് കോലി ഇപ്പോള്‍.
ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്. ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല.