ട്രിനിഡാഡ്:ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ 25-ാം ജന്മദിന ദിനമായിരുന്നു ഇന്നലെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണെങ്കിലും ഇഷാന്‍റെ ജന്മദിനാഘോഷം ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ നടന്നിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്ത് വിട്ടിട്ടുണ്ട്.
ഈ വിഡിയോയിലെ വിരാട് കോലിയുടെ പ്രവര്‍ത്തി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഇഷാന്‍ കിഷന്‍ (Ishan Kishan ) മുറിച്ച കേക്ക് കഴിക്കാന്‍ വിമുഖത കാണിക്കുന്ന വിരാട് കോലിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇഷാനെ നിലത്ത് ഇരുത്തിയായിരുന്നു ടീം അംഗങ്ങള്‍ കേക്ക് മുറിപ്പിച്ചത്.
കേക്ക് മുറിച്ചതിന് ശേഷം ഇതു മറ്റൊരാള്‍ക്ക് നല്‍കാനായി ഇഷാന്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ക്ക് പിന്നിലേക്ക് ഓടി മറയുകയാണ് 35-കാരനായ കോലി (Virat kohli) ചെയ്യുന്നത്. കോലിയുടെ പ്രവര്‍ത്തിക്ക് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ജങ്ക് ഫുഡ്, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കേക്ക് കഴിക്കാതിരിക്കാനാവും കോലി ശ്രമം നടത്തുന്നതെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.
അതേസമയം കേക്ക് മുറിച്ചുള്ള ആഘോഷത്തിന് ശേഷം പുറത്തിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഇഷാന്‍ കിഷന് എന്ത് പിറന്നാള്‍ സമ്മാനമാണ് നല്‍കുകയെന്ന ചോദ്യം നേരിടേണ്ടി വന്നിരുന്നു. ഇതിന് ഏറെ രസകരമായാണ് രോഹിത് ശര്‍മ (Rohit sharma) മറുപടി നല്‍കിയത്.
ഇഷാന് എന്ത് സമ്മാനം നല്‍കാനാണന്ന് ചോദിച്ച രോഹിത്, വിന്‍ഡീസിനെതിരെ സെഞ്ചുറി നേടി ഇഷാന്‍ ടീമിന് സമ്മാനം നല്‍കട്ടെ എന്നാണ് പ്രതികരിച്ചത്. "സമ്മാനമോ, നിനക്ക് എന്ത് സമ്മാനമാണ് വേണ്ടത്. എല്ലാം നിന്‍റെ കയ്യില്‍ ഉണ്ട്. എനി എന്തെങ്കിലും ചെയ്യണമെങ്കില്‍ ടീമിനോട് ചോദിക്കേണ്ടി വരും. എന്നാല്‍, ടീമിനുള്ള പിറന്നാള്‍ സമ്മാനമായി അവന്‍ സെഞ്ചുറി അടിക്കട്ടെ" - രോഹിത് പറഞ്ഞു. ഇതു കേട്ട് ഇഷാന്‍ കിഷന്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെയായിരുന്നു ഇഷാന്‍ കിഷന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന ശ്രീകര്‍ ഭരത്തിനെ പുറത്തിരുത്തിയാണ് ഇഷാന് അവസരം നല്‍കിയത്. മത്സരത്തില്‍ വിരാട് കോലിയുടെ പുറത്താവലിന് ശേഷം ഏഴാം നമ്പറില്‍ ഇഷാന്‍ ബാറ്റ് ചെയ്യാന്‍ എത്തിയിരുന്നു. ഇഷാന്‍ ആദ്യ ടെസ്റ്റ് റണ്‍സ് എടുത്തതിന് ശേഷം ഡിക്ലയര്‍ ചെയ്യാന്‍ പദ്ധതിയിട്ടായിരുന്നു താരത്തെ ടീം ഗ്രൗണ്ടിലേക്ക് അയച്ചത്.
ALSO READ: Virat Kohli | 'ജീവിതം ക്രിക്കറ്റിന് വേണ്ടി മാത്രം', കോലി നാളെയിറങ്ങുന്നത് കരിയറിലെ 500-ാം മത്സരത്തിന്
എന്നാല്‍ തട്ടിമുട്ടി നിന്ന ഇഷാന്‍ ആദ്യം നേരിട്ട 19 പന്തുകളില്‍ അക്കൗണ്ട് തുറന്നിരുന്നില്ല. ഇതോടെ ക്ഷമ നശിച്ച രോഹിത് വേഗം ഒരു റണ്‍സ് എടുക്കാന്‍ ഡ്രെസ്സിങ് റൂമില്‍ നിന്ന് ഇഷാന് താക്കീത് നല്‍കുകയും ചെയ്‌തു. പിന്നാലെ താരം ഒരു റൺ ഓടിയെടുക്കുകയും ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്‌തു. മത്സത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. അതേസമയം നാളെ ക്യൂന്‍സ് പാര്‍ക്കിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.