പോര്‍ട്ട് ഓഫ് സ്‌പെയിന്‍:ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഒന്നാം ദിവസം നാലിന് 288 എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്.
കരിയറിലെ 500-ാം അന്താരാഷ്‌ട്ര മത്സരമാണ് വിരാട് കോലി ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ കളിക്കുന്നത്. ഈ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്നിങ്‌സിന് മാറ്റ് കൂട്ടാന്‍ ഇതിനോടകം തന്നെ താരത്തിനായിട്ടുണ്ട്. രണ്ടാം ദിനത്തില്‍, 13 റണ്‍സ് കൂടി നേടി താരം സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം, വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസത്തെ പ്രകടനം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോലിയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ജാക്ക് കാലിസിനെ മറികടന്നാണ് കോലി എലൈറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്.
ഈ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 499 കളികളില്‍ നിന്നും 25,461 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. 519 മത്സരം കളിച്ച കാലിസ് 25,534 റണ്‍സ് നേടിയാണ് കരിയര്‍ അവസാനിപ്പിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357 റണ്‍സ്), കുമാര്‍ സംഗക്കാര (28,016), റിക്കി പോണ്ടിങ് (27,483), മഹേള ജയവര്‍ധനെ (25,957) എന്നിവരാണ് പട്ടികയില്‍ ഇനി വിരാട് കോലിക്ക് മുന്നിലുള്ള താരങ്ങള്‍.
111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 49.38 ശരാശരിയില്‍ 8,642 റണ്‍സാണ് വിരാട് കോലി നേടിയിട്ടുള്ളത്. 30 അര്‍ധ സെഞ്ച്വറികളും 28 സെഞ്ച്വറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ക്രിക്കറ്റിന്‍റെ ഏറ്റവും ഫോര്‍മാറ്റായ ടെസ്റ്റില്‍ ഏഴ് ഡബിള്‍ സെഞ്ച്വറിയും നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.