കേപ്‌ടൗണ്‍:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജനുവരി മൂന്നിന് കേപ്‌ടൗണിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുക. (India vs South Africa). സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും തോല്‍വി വഴങ്ങിയിരുന്നു.
ഇതോടെ രണ്ട് മത്സര പരമ്പരയില്‍ സമനില പിടിക്കാന്‍ കേപ്‌ടൗണില്‍ വിജയം നേടുകയല്ലാത്തെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. ഇതോെട ജീവന്‍ മരണപ്പോരാട്ടത്തിനായിരിക്കും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. ഇതിനിടെ ഇന്ത്യന്‍ ടീമിന്‍റെ പരിശീന സെഷനിടെയുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. (Virat Kohli hits Ravichandran Ashwin For A Big Six)
ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ വിരാട് കോലി കൂറ്റന്‍ സിക്‌സറിന് പറത്തുന്നതാണ് വീഡിയോയിലുള്ളത്. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ കോലിയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 64 പന്തുകളില്‍ 38 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 82 പന്തില്‍ 76 റണ്‍സുമായിരുന്നു താരം നേടിയത്. കേപ്‌ടൗണിലും താരത്തിന്‍റെ ബാറ്റില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയുണ്ട്.
അതേസമയം രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് യുവ പേസര്‍ ആവേശ് ഖാനെ സെലക്‌ടര്‍മാര്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയുടെ ഒഴിവിലേക്കാണ് 27-കാരനായ ആവേശിനെ സെലക്‌ടര്‍മാര്‍ ചേര്‍ത്തത്. സെഞ്ചൂറിയനില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ നിറം മങ്ങിയതിന്‍റെ പശ്ചാത്തിലത്തില്‍ കൂടിയാണിത്.
സാഹചര്യം മുതലെടുത്ത് പ്രോട്ടീസ് പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പേസ് നിരയ്‌ക്ക് മൂര്‍ച്ചയുണ്ടായിരുന്നില്ല. മത്സരത്തിന് ശേഷം ബുംറ ഒഴികെയുള്ള പേസര്‍മാരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിമര്‍ശിച്ചിരുന്നു.