ബാറ്റിങ് മികവ് കൊണ്ട് റണ്‍സ് അടിച്ച് കൂട്ടി റെക്കോഡുകള്‍ ഓരോന്നായി മറികടക്കുമ്പോഴും ലോക ക്രിക്കറ്റില്‍ വിരാട് കോലിയെപ്പോലെ നിര്‍ഭാഗ്യം വേട്ടയാടുന്ന മറ്റൊരു താരമുണ്ടാകില്ല. 2011ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു കോലി. ഈ രണ്ട് ടൂര്‍ണമെന്‍റുകളിലെയും ഫൈനലുകളില്‍ നിര്‍ണായകമായ സംഭാവനകളും നല്‍കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍, പിന്നീടങ്ങോട്ട് കഥയും മാറി. ഐസിസിയുടെ പല ടൂര്‍ണമെന്‍റുകളിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ മുന്നില്‍ നിന്നും നയിച്ച കോലിക്ക് പല തവണയാണ് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ടത്. 2014 ടി20 ലോകകപ്പ് ആയിരുന്നു എല്ലാത്തിന്‍റെയും തുടക്കം.
ആ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും കോലി അടിച്ചുകൂട്ടിയത് 106.33 ശരാശരിയില്‍ 319 റണ്‍സ്. ടീം ആകെ നേടിയതില്‍ 20 ശതമാനത്തിലധികം സംഭാവനയും കോലിയുടെ ബാറ്റില്‍ നിന്നും. ഫൈനലില്‍ ഇന്ത്യയെ ശ്രീലങ്ക പരാജയപ്പെടുത്തിയപ്പോൾ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു (Virat Kohli Stats In 2014 T20 World CUP).
2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത് സെമി ഫൈനലില്‍. ആ ടൂര്‍ണമെന്‍റിലും ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് കോലിയാണ്. 5 മത്സരങ്ങളില്‍ നിന്നും 273 റണ്‍സായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ അന്ന് അടിച്ചെടുത്തത്. ടൂര്‍ണമെന്‍റിലെ താരമായി മാറിയെങ്കിലും അപ്പോഴും കയ്യെത്തും ദൂരത്ത് കോലിക്ക് കിരീടം നഷ്‌ടമായിരുന്നു (Virat Kohli Stats In 2016 T20 World CUP).