സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി എന്താകുമെന്നായിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. എന്നാല്‍, ഇക്കാര്യം ആലോചിച്ച് അവര്‍ക്ക് ഒരുപാട് കാലമൊന്നും തലപുകയ്‌ക്കേണ്ടി വന്നില്ല. സച്ചിന്‍ കളമൊഴിയുന്നതിന് മുന്‍പ് പകരക്കാരന്‍റെ ബാറ്റണ്‍ ആ ഇതിഹാസ താരത്തില്‍ നിന്നും വിരാട് കോലി (Virat Kohli) സ്വീകരിച്ചിരുന്നു.
പിന്നീട്, ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോകക്രിക്കറ്റിലേയും ബ്രാന്‍ഡായിട്ടായിരുന്നു വിരാട് കോലി വളര്‍ന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) ഉള്‍പ്പടെയുള്ള ഇതിഹാസങ്ങള്‍ രചിച്ച പല റെക്കോഡും കോലി തന്‍റെ പേരിലേക്ക് മാറ്റിയെഴുതി. 15 വര്‍ഷം പിന്നിട്ട് തുടരുന്ന കോലിയുടെ കരിയറില്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴും ഓരോ റെക്കോഡുകളാണ് പഴങ്കഥയാകുന്നത്.
എല്ലാ താരങ്ങള്‍ക്കുമെന്ന പേലെ കോലിയുടെ കരിയറും ഒരുഘട്ടത്തില്‍ താഴേക്ക് പോയിരുന്നു. അക്കാലത്ത് കേട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം അദ്ദേഹം പിന്നീട് തന്‍റെ ബാറ്റിങ് കൊണ്ടാണ് മറുപടി നല്‍കിയത്. തകര്‍ന്ന് തരിപ്പണമായ അവസ്ഥയില്‍ നിന്നാണ് ഇന്ന് വിരാട് കോലി വീണ്ടും ഇന്ത്യയുടെ 'റണ്‍ മെഷീനായി' പ്രവര്‍ത്തിക്കുന്നത്...
ഏഷ്യ കപ്പിലെ (Asia Cup 2023) ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടാനിറങ്ങിയ കോലിക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇതിനുള്ള മറുപടി നല്‍കാന്‍ ഒരു അവസരത്തിനായി തന്നെയായിരുന്നു അയാള്‍ കാത്തിരുന്നത്. സൂപ്പര്‍ ഫോറില്‍ വീണ്ടും പാകിസ്ഥാന്‍ ഇന്ത്യയുടെ (India vs Pakistan) എതിരാളിയായി എത്തിയപ്പോള്‍ കോലിയുടെ ബാറ്റും ശബ്‌ദിച്ചു.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ മിന്നും പ്രകടനമാണ് വിരാട് കോലി കാഴ്‌ചവെച്ചത്. ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം പുറത്താകാതെ അടിച്ചുകൂട്ടിയത് 94 പന്തില്‍ 122 റണ്‍സ്. അതില്‍ ബൗണ്ടറികളിലൂടെ മാത്രം പിറന്നത് 54 റണ്‍സ്, ബാക്കി 68 റണ്‍സും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് സിംഗിളും ഡബിളുമോടിയാണ് 35കാരനായ കോലി സ്വന്തമാക്കിയത്.
ക്ലാസിക്ക് ഷോട്ടുകള്‍ കളിച്ച് ഗ്യാപ്പുകളിലൂടെ റണ്‍സ് കണ്ടെത്തുന്ന കോലിയുടെ ബാറ്റില്‍ നിന്നും പിറക്കുന്ന വമ്പന്‍ ഷോട്ടുകള്‍ക്ക് അതിന്‍റേതായൊരു മനോഹാരിതയുണ്ടാകും. പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്വന്തം സ്കോർ 90 റൺസില്‍ നില്‍ക്കെ പാകിസ്ഥാന്‍റെ ഫാസ്റ്റ് ബൗളർ നസീം ഷായെ ലോങ് ഓഫിന് മുകളിലേക്ക് പറത്തിയ സിക്‌സർ ശരിക്കും സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ക്രീസില്‍ നിന്നു കൊണ്ട് കോലി പന്ത് ബാറ്റിലേക്ക് സ്വീകരിച്ച ശേഷമുള്ള ഔട്ട്ഫിറ്റ്. പിന്നെ പന്ത് ഗാലറിയിലാണ്. ഇതിനു മുൻപ് കഴിഞ്ഞ ടി 20 ലോകകപ്പില്‍ ഹാരിസ് റൗഫിനെ ഇതുപോലൊന്ന് പറത്തിയപ്പോൾ ആരാധകർക്കുണ്ടായ അതേ ആവേശം.
ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ ക്രീസില്‍ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്‌തിറങ്ങി ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ സിക്‌സ്. എന്ത് മനോഹര കാഴ്‌ചയായിരുന്നു അത്. ഏത് ബാറ്ററും ആഗ്രഹിച്ചുപോകും അതുപോലൊന്ന്. കാരണം ഇന്ത്യൻ ഇന്നിങ്സിന്‍റെ അവസാന പന്തിലും കോലി പുലർത്തിയ ഫിസിക്കല്‍ സ്റ്റാമിന ആ ഷോട്ടില്‍ പോലും പ്രകടമായിരുന്നു. പന്ത് ഗാലറിയില്‍ വീഴുമ്പോഴും കോലിയുടെ ബാറ്റ് പൊസിഷൻ ക്രിക്കറ്റിന്‍റെ കോപ്പി ബുക്ക് ശൈലിയിലെ മനോഹര കാഴ്‌ചകളിലൊന്നായിരുന്നു.
ഏകദിന ലോകകപ്പിന് മുന്‍പ് വിരാട് കോലിയുടെ ബാറ്റില്‍ നിന്നും റണ്‍സൊഴുകുന്നത് ടീം ഇന്ത്യയ്‌ക്ക് പകരുന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാനുറച്ച് തന്നെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഒരു ഐസിസി കിരീടത്തിന് വേണ്ടിയുള്ള ടീമിന്‍റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഇവിടെ വിരാമമാകും എന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.
Also Read :Virat Kohli Breaks Sachin Tendulkar ODI Record കോലി, ദ ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്; സച്ചിന്‍റെ ആ റെക്കോഡും ഇനി പഴങ്കഥ