സതാംപ്ടണ്‍: ഇന്ത്യയുടെ ഇതിഹാസ സ്പ്രിന്‍റര്‍ മിൽഖ സിങ്ങിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് താരം മില്‍ഖയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്. മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതമാണ് മില്‍ഖയുടേതെന്ന് കോലി കുറിച്ചു.
''മികവിലേക്ക് ലക്ഷ്യം വെയ്ക്കാനും ഒരിക്കലും തളരാതെ സ്വപ്നങ്ങളെ പിന്തുടരാനും രാജ്യത്തെ ഓരോരുത്തര്‍ക്കും പ്രചോദനമായ ജീവിതം. റെസ്റ്റ് ഇന്‍ പീസ് മില്‍ഖ സിങ് ജി. നിങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടില്ല'' കോലി ട്വീറ്റ് ചെയ്തു.
read more: മില്‍ഖ സിങ് 'ട്രാക്കിലെ രാജാവ്'
അതേസമയം ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30നാണ് 91കാരനായ മില്‍ഖ മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിങ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1960ലെ റോം ഒളിംപിക്സിൽ 400 മീറ്റർ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 0.1 സെക്കന്‍റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.