ബെംഗളൂരു: ഇന്ത്യൻ ടീമിന്‍റെ ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനവും കോലി രാജി വെച്ചിരുന്നു. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും കിരീടം നേടാനാകുന്നില്ല എന്ന ചീത്തപ്പേര് ബാഗ്ലൂർ ടീമിനെക്കാളേറെ നായകനായ കോലിയെയാണ് ബാധിച്ചിരുന്നത്. ഒടുവിൽ തോറ്റ നായകൻ എന്ന ഖ്യാതിയോടെയാണ് കോലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.
ഇപ്പോൾ വർഷങ്ങൾക്കിപ്പുറം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിരാട് കോലി. ക്യാപ്‌റ്റൻ എന്ന സ്ഥാനത്തിന് വിരാമം കുറിക്കുമ്പോൾ തന്‍റെ ആത്മവിശ്വാസം എല്ലാം ചോർന്നിരുന്നു എന്നാണ് കോലി വ്യക്‌തമാക്കിയത്.
'എന്‍റെ ക്യാപ്‌റ്റൻസി കാലാവധി അവസാനിക്കുമ്പോൾ എനിക്ക് എന്നിൽ തന്നെ വിശ്വാസമില്ലായിരുന്നു. സത്യ പറഞ്ഞാൻ ഞാൻ ശൂന്യാവസ്ഥയിലായിരുന്നു. ഒരു വ്യക്‌തി എന്ന നിലയിൽ എനിക്ക് ഇത് കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ ഉറപ്പിക്കുകയായിരുന്നു. എന്നാൽ അത് എന്‍റെ മാത്രം വീക്ഷണങ്ങളായിരുന്നു.
എന്നാൽ പുതിയ സീസണിൽ പുതിയ താരങ്ങൾ ടീമിലെത്തി. അവർക്ക് പുതിയ ആശയങ്ങളുണ്ടായിരുന്നു. അവർ പുതിയ അവസരങ്ങൾ കണ്ടെത്തി. അവരെല്ലാം വളരെ ആവേശത്തിലായിരുന്നു. എന്നാൽ ഒരു വ്യക്‌തിയെന്ന നിലയിൽ എനിക്ക് അത്ര ആവേശം തോന്നിയില്ല. പക്ഷേ അവർ ടീമിൽ ഊർജം നിറച്ചു. പിന്നാലെ ഞങ്ങൾ തുടർച്ചയായി മൂന്ന് വർഷം പ്ലേ ഓഫിലെത്തി.
ഇപ്പോൾ ഞങ്ങൾ ഓരോ സീസണും ആരംഭിക്കുന്നത് തന്നെ വളരെ ആവേശത്തോടെയാണ്. പണ്ടത്തെ അവസ്ഥയെ അപേക്ഷിച്ച് ഞാനും വളരെ ആവേശവാനാണ്. കാരണം ഇതൊരു കൂട്ടായ ഉത്തരവാദിത്തമാണ്. ടീമിലെ ആർക്കെങ്കിലും ആത്മവിശ്വാസക്കുറവുണ്ടെങ്കിൽ, അവർ താഴേയ്‌ക്ക് പോയാൽ അവരെ ഉയർത്തിക്കൊണ്ട് വരേണ്ടത് സഹതാരങ്ങളാണ്.' കോലി വ്യക്‌തമാക്കി.
പ്രശസ്‌തി എന്ന വില്ലൻ: ഫോം ഔട്ടായ ഘട്ടങ്ങളിൽ തനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നുവെന്നും പ്രശസ്‌തി സംരക്ഷിക്കുന്നതിന് വളരെയധികം സമ്മർദ്ദങ്ങൾ നേരിട്ടിരുന്നുവെന്നും കോലി വ്യക്‌തമാക്കി. 'എനിക്ക് യുവതാരങ്ങളിൽ നിന്നുപോലും നിരന്തരമായ ഓർമ്മപ്പെടുത്തൽ അനിവാര്യമാണ്. കാരണം അവർക്ക് പുതിയ കാഴ്‌ചപ്പാടുകളുണ്ട്.
വളരെക്കാലമായി കളിക്കളത്തിലുള്ള വ്യക്‌തി എന്ന നിലയിൽ ഞാൻ ഏറെ സമ്മർദ്ദം നേരിട്ടിരുന്നു. ഞാൻ ആ ഘട്ടത്തിൽ സുരക്ഷിതനല്ലെന്ന ബോധ്യമുണ്ടായിരുന്നു. എന്‍റെ പ്രശസ്‌തിയാണ് എന്നെ ഏറ്റവുമധികം അലട്ടിയത്. 'ഓഹ്, ഞാൻ വിരാട് കോലിയാണ്, ഞാൻ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കണം, മറ്റുള്ളവരെപ്പോലെ പുറത്താകാൻ എനിക്ക് കഴിയില്ല' തുടങ്ങിയ ചിന്തകൾ എന്നെ അലട്ടിയിരുന്നു.
എന്നാൽ യുവതാരങ്ങൾ വന്ന് 'നിങ്ങൾ എന്തുകൊണ്ട് പന്ത് അടിച്ചില്ല' എന്ന ചോദ്യം ചോദിക്കുമ്പോഴായിരിക്കും, അത് ശരിയാണല്ലോ എന്ന ചിന്ത എനിക്കും തോന്നുന്നത്. കാരണം ആ കാലത്ത് എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ എന്ന ചിന്ത മാത്രമായിരുന്നു അക്കാലത്ത് എന്നിലുണ്ടായിരുന്നത്.
ഇപ്പോൾ എന്ത് ചെയ്യണം, ആളുകൾ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്നീ ചിന്തകൾ കാരണം ഗെയിം കളിക്കാൻ പോലും ഞാൻ മറന്നുപോയിരുന്നു. എന്നാൽ യുവതാരങ്ങൾ ഉൾപ്പെടയുള്ളവരുടെ ഇത്തരം ചോദ്യങ്ങളുടെ തുടര്‍ച്ചയിലാണ് കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങുന്നതും ഫോം തിരിച്ചുപിടിക്കുന്നതും.' കോലി കൂട്ടിച്ചേർത്തു.