ഇന്‍ഡോര്‍ :ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിജയാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli Wishes To Novak Djokovic). ഇപ്രാവശ്യവും ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിരാട് കോലി വ്യക്തമാക്കി. കൂടാതെ, അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യ്‌ക്ക് മുന്‍പ് ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ സെര്‍ബിയന്‍ ടെന്നീസ് താരവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും പറഞ്ഞ വിരാട് കോലി താരത്തെ നേരില്‍ കാണുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ജോക്കോവിച്ച് കോലിയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ ബ്രോഡ്‌കാസ്റ്റര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു ജോക്കോ കോലിയെ കുറിച്ച് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് വിരാട് കോലിയുടെ പ്രതികരണം.
'ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഞാന്‍ ആദ്യം ജോക്കോവിച്ചിന് ഒരു സന്ദേശം അയക്കുന്നത്. പിന്നാലെ, അദ്ദേഹത്തിന്‍റെ മറുപടിയും ലഭിച്ചു. എന്നാല്‍, ആ സന്ദേശം തുറന്ന് വായിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
മെസേജിന്‍റെ ആധികാരികത ഉറപ്പ് വരുത്തുക എന്നതായിരുന്നു എന്‍റെ ആദ്യത്തെ ലക്ഷ്യം. ജോക്കോയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത് എന്ന് വ്യക്തമായതോടെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇടയ്‌ക്കിടെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ നേട്ടങ്ങള്‍ക്കും ഞാന്‍ എന്‍റെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്'- വിരാട് കോലി പറഞ്ഞു.