ബാംഗ്ലൂര്‍:രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോലി. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ വിരാട് കോലി 15 വര്‍ഷം കൊണ്ട് 75 സെഞ്ച്വറികളാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ വര്‍ഷം തന്നെ കരിയറിലെ ആദ്യ സെഞ്ച്വറിയും കോലി നേടിയിരുന്നു.
തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും സെഞ്ച്വറിയടിച്ച് കളം നിറയാന്‍ വിരാട് കോലിക്കായി. എന്നാല്‍, 2020-2022 കാലഘട്ടത്തില്‍ ഒരു സെഞ്ച്വറിയും വിരാട് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നില്ല. തന്റെ കരിയറിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു ഇത്.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ 70-ാം സെഞ്ച്വറി വിരാട് കോലി നേടിയത്. 71-ാം സെഞ്ച്വറിക്കായി മൂന്ന് വര്‍ഷത്തോളം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. 2022ല്‍ നടന്ന ഏഷ്യ കപ്പിലൂടെയായിരുന്നു വിരാട് തന്റെ കരിയറിലുണ്ടായ സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിട്ടത്.
അടുത്തിടെ, പങ്കെടുത്ത ഒരു അഭിമുഖത്തിലൂടെ മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ സെഞ്ച്വറി നേടിയ നിമിഷം വിരാട് കോലി ഓര്‍ത്തെടുത്തു. 'ഞാന്‍ സെഞ്ച്വറിയിലേക്ക് എത്തിയ പന്തിന് മുന്‍പ് തന്നെ എനിക്കത് നേടാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ആ സമയം 94 റണ്‍സായിരുന്നു ഞാന്‍ നേടിയിരുന്നത്.
തൊട്ടടുത്ത പന്ത് സിക്സര്‍ പായിച്ച് സെഞ്ച്വറി നേടാന്‍ എനിക്കായി. ആ സമയത്ത് ഞാന്‍ കൂടുതല്‍ ചിരിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇതിനെ കുറിച്ചായിരുന്നോ ഞാന്‍ ചിന്തിച്ചിരുന്നത് എന്ന തോന്നലും അപ്പോഴുണ്ടായി' -വിരാട് പറഞ്ഞു.