ബെംഗളൂരു: വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന നയിക്കും. ബാംഗ്ലൂര്‍ പുറത്ത് വിട്ട വീഡിയോയിലൂടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പുരുഷ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസുമാണ് ഇക്കാര്യം അറിയിച്ചത്. സ്‌മൃതിക്ക് ഇരു താരങ്ങളും ആശംസ നേരുകയും ചെയ്‌തിട്ടുണ്ട്.
"വിമൻസ് പ്രീമിയര്‍ ലീഗില്‍ വളരെ സവിശേഷമായ ആർസിബി ടീമിനെ നയിക്കാൻ മറ്റൊരു 18-ാം നമ്പർ താരത്തിന്‍റെ ഊഴമാണിത്. അതെ, നമ്മൾ സംസാരിക്കുന്നത് സ്‌മൃതി മന്ദാനയെക്കുറിച്ചാണ്. സ്‌മൃതിക്ക് എല്ലാ വിധ ആശംസകളും.
നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീമിന്‍റെയും മികച്ച ആരാധകരുടെയും പിന്തുണയുണ്ടാകും", വിരാട് കോലി വീഡിയോയിൽ പറഞ്ഞു. ആർസിബിയെ നയിക്കാനുള്ള എല്ലാ ഗുണങ്ങളും തങ്ങളുടെ വനിത ക്യാപ്റ്റനുണ്ടെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് ഫാഫ് ഡു പ്ലെസിസ് പറഞ്ഞത്.
സ്‌മൃതി മന്ദാനയും കോലിയും
ഈ വീഡിയോയുടെ അവസാനത്തില്‍ സ്‌മൃതിയും പ്രത്യക്ഷപ്പെടുന്നുണ്ട്. വിമൻസ് പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയെ വിജയത്തിലേക്ക് നയിക്കാൻ തന്‍റെ നൂറ് ശതമാനവും നൽകുമെന്ന് സ്‌മൃതി വീഡിയോയില്‍ പറഞ്ഞു. "എനിക്ക് ഈ അത്ഭുതകരമായ അവസരം നൽകിയതിന് ആർസിബി മാനേജ്‌മെന്‍റിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ആരാധകരുടെ സ്‌നേഹവും പിന്തുണയും ലഭിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. ഡബ്ല്യുപിഎല്ലില്‍ ആര്‍സിബിയെ വിജയത്തിലേക്ക് നയിക്കാൻ എന്‍റെ നൂറ് ശതമാനവും നൽകുമെന്ന് വാഗ്‌ദാനം ചെയ്യുന്നു", സ്‌മൃതി പറഞ്ഞു.
സ്‌മൃതിയ്‌ക്കായി വീശിയത് വമ്പന്‍ തുക: ഡബ്ല്യുപിഎല്‍ ലേലത്തില്‍ വമ്പന്‍ തുകയെറിഞ്ഞാണ് സ്‌മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്‌മൃതിയ്‌ക്കായി 3.40 കോടി രൂപയാണ് ഫ്രാഞ്ചൈസി വീശിയത്. ഇതോടെ ലീഗിലെ ഏറ്റവും മൂല്യമുള്ള താരമായും 26കാരി മാറി. താരത്തിനായി മുംബൈ ഇന്ത്യന്‍സിന്‍റെ കനത്ത വെല്ലുവിളിയാണ് ബാംഗ്ലൂരിന് മറികടക്കേണ്ടി വന്നത്.
സാനിയ ഉപദേശക: ടീമിന്‍റെ ഉപദേശകയായി ഇന്ത്യയുടെ ഇതിഹാസ ടെന്നിസ് താരം സാനിയ മിര്‍സയെ നേരത്തെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച സാനിയ ഈ മാസം അവസാനം നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നിസില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷം 36കാരി ബാംഗ്ലൂരിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടീമിനൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ പ്രതികരിച്ചിരുന്നു. വിമൻസ് പ്രീമിയര്‍ ലീഗിനൊപ്പം ഇന്ത്യയിലെ വനിത ക്രിക്കറ്റും വളരുകയാണ്. വിപ്ലവകരമായ ഈ പുരോഗതിയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്.
തന്‍റെ കാഴ്‌ചപ്പാടുകളുമായി ഒത്തുപോകുന്നതാണ് ആര്‍സിബിയുടെ നയങ്ങളും നിലപാടുകളും. വിരമിക്കലിന് ശേഷം ഈ രീതിയിലും സ്‌പോർട്‌സിൽ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നത് സന്തോഷമാണ്. ഐപിഎല്ലിൽ വളരെ ഏറെ ആരാധകരുള്ള ഒരു ജനപ്രിയ ടീമാണ് ആർസിബി.
വിമൻസ് പ്രീമിയര്‍ ലീഗില്‍ അവര്‍ ഒരു ടീമിനെ പടുത്തുയര്‍ന്നത് കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയിലെ വനിത കായിക രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും വനിത ക്രിക്കറ്റര്‍മാര്‍ക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നിടാനും ഇതുവഴി സാധിക്കും. കൂടാതെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കൾക്കും സ്‌പോർട്‌സിനെ ആദ്യ കരിയർ ചോയ്‌സായി തെരഞ്ഞെടുക്കാനും ഇത് പിന്തുണ നല്‍കുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്:സ്‌മൃതി മന്ദാന, സോഫി ഡിവൈൻ, എല്ലിസ് പെറി, രേണുക സിങ്, റിച്ച ഘോഷ്, എറിൻ ബേൺസ്, ദിഷ കസറ്റ്, ഇന്ദ്രാണി റോയ്, ശ്രേയങ്ക പാട്ടീൽ, കനിക അഹൂജ, ആശ ശോഭന, ഹെതർ നൈറ്റ്, ഡെയ്ൻ വാൻ നിക്കെർക്ക്, പ്രീതി ബോസ്, പൂനം ഖേംനാർ, കോമൾ സന്‍സാദ്, മേഗൻ ഷട്ട്, സഹന പവാർ.