ഹൈദരാബാദ് :'ദി കിങ് ഈസ് ബാക്ക്' ഏഷ്യ കപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നത് എന്തിന് വേണ്ടിയോ അത് സംഭവിച്ചുകഴിഞ്ഞു. ഒരു രാജ്യാന്തര സെഞ്ച്വറിക്കായുള്ള 3 വര്‍ഷത്തെ കാത്തിരിപ്പാണ് വിരാട് കോലി അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ അവസാനിപ്പിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1021 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര കരിയറില്‍ സെഞ്ച്വറി ഇല്ലാത്ത ടി20 ഫോര്‍മാറ്റില്‍ ആദ്യ ശതകം പൂര്‍ത്തിയാക്കിയുള്ള മടങ്ങി വരവ് തീര്‍ത്തും രാജകീയമെന്ന് വിശേഷിപ്പിക്കാം.
2019 നവംബര്‍ 23 നായിരുന്നു ഇതിന് മുന്‍പ് വിരാട് കോലി അവസാനമായി സെഞ്ച്വറി നേടിയ ശേഷം ബാറ്റുയര്‍ത്തി ആഘോഷിച്ചത്. സച്ചിന്‍റെ നൂറ് സെഞ്ച്വറികളെ പഴങ്കഥയാക്കാന്‍ വിരാടിന് മാത്രമേ സാധിക്കൂവെന്ന് ഏവരും ഒരു പോലെ കരുതിയിരുന്ന സമയത്തായിരുന്നു ബംഗ്ലാദേശിനെതിരായി കൊല്‍ക്കത്തയില്‍ നടന്ന ഡേ നൈറ്റ് ടെസ്‌റ്റിലെ സെഞ്ച്വറി പിറന്നത്. പിന്നീട് കഥ മാറി മറിഞ്ഞു.
നീണ്ട പത്ത് വര്‍ഷക്കാലം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചുക്കാന്‍ പിടിച്ച വിരാട് കോലി എന്ന താരത്തിന് പലതും നഷ്‌ടമായി. തന്‍റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക് നേരിടേണ്ടി വന്നു.
അതിനിടയിലും തന്‍റെ ആത്മവീര്യം കൈവിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുറച്ച് കാലം മുന്‍പാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം താന്‍ ബാറ്റില്‍ തൊട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ വിരാട് നടത്തിയത്. താന്‍ അനുഭവിച്ചിരുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്ന് സമ്മതിച്ചതും അടുത്ത കാലത്താണ്. 2022 ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിശ്രമം എടുക്കാനുള്ള കാരണങ്ങളായി വിരാട് കോലി പറഞ്ഞതും ഇതായിരുന്നു.