ഹൈദരാബാദ്:ക്രിക്കറ്റില്‍ പഴയ പ്രതാപത്തിന്‍റെ നിഴലിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലിന്‍റെ 15ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായ കോലിക്ക് ഇതേവരെ ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. സീസണില്‍ ഇതേവരെ എട്ട് മത്സരങ്ങള്‍ക്കിറങ്ങിയ കോലി വെറും 119 റണ്‍സ് മാത്രമാണ് നേടിയത്.
രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി തിരിച്ച് കയറിയ താരം വെറും രണ്ട് തവണമാത്രമാണ് 40ന് മുകളില്‍ റണ്‍സ് നേടിയത്. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്നെ 2016ൽ കാര്യങ്ങള്‍ ഇത്തരത്തിലായിരുന്നില്ല. അന്നത്തെ കോലിയുടെ നേട്ടത്തെ കവച്ചുവെയ്‌ക്കാന്‍ ഐപിഎല്ലില്‍ ഇതേവരെ ഒരു താരത്തിനും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
ആ വര്‍ഷം നാല് സെഞ്ചുറികളുള്‍പ്പെടെ 81.08 ശരാശരിയിൽ 973 റൺസാണ് കോലി അടിച്ച് കൂട്ടിയത്. ഐപിഎല്ലിന്‍റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സും, സെഞ്ചുറിയുമെന്ന കോലിയുടെ ഈ നേട്ടം മറികടക്കാന്‍ ഇതേവരെ ഒരു ബാറ്റര്‍ക്കും കഴിഞ്ഞിട്ടില്ല. നാലില്‍ ആദ്യത്തേത് ഐപിഎല്ലില്‍ താരത്തിന്‍റെ കന്നി സെഞ്ചുറി കൂടിയായിരുന്നു.