രാജ്കോട്ട്:ഇന്ത്യയ്ക്കെതിരായ (India vs Australia) മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച മത്സരത്തില്‍ ചൂട് ഏറെ താരങ്ങളെ വലച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഏറെ വലഞ്ഞത് ഓസീസിന്റെ മൂന്നാം നമ്പര്‍ സ്റ്റീവ് സ്മിത്താണ്. ഇന്നിങ്സിന്റെ 29-ാം ഓവറിനിടെ ലഭിച്ച ഡ്രിങ്ക്സ് ബ്രേക്കിനിടെ അല്പം ആശ്വാസം കണ്ടെത്താനും താരം ശ്രമിച്ചു.
ഗ്രൗണ്ടിലേക്ക് ഒരു കസേര എത്തിച്ച താരം ചൂടുകുറയ്ക്കാന്‍ ഐസ് പാക്കുകള്‍ ഉപയോഗിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ കിട്ടിയ ഗ്യാപ്പില്‍ വിരാട് കോലി ഒപ്പിച്ച തമാശയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Virat Kohli dance video). സ്മിത്തിന് സമീപത്തുണ്ടായിരുന്ന മാര്‍നെസ് ലബുഷെയ്ന് അടുത്തെത്തിയ കോലി ഒരു ചെറിയ ഡാന്‍സ് നമ്പറാണ് ഇറക്കിയത് (Virat Kohli dances with Marnus labuschagne). തുടര്‍ന്ന് ലബുഷെയ്നോട് എന്തോ പറയുന്ന കോലിയേയും വീഡിയോയില്‍ കാണാന്‍ കഴിയും.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസീസ് 353 റണ്‍സിന്റ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ടീം 352 റണ്‍സ് നേടിയത്. മിച്ചല്‍ മാര്‍ഷാണ് (Mitchell Marsh) ടീമിന്റെ ടോപ് സ്കോറര്‍. 84 പന്തുകളില്‍ 96 റണ്‍സാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത്(61 പന്തുകള്‍ 74), മാര്‍നെസ് ലബുഷെയ്ന് (58 പന്തുകള്‍ 71), ഡേവിഡ് വാര്‍ണര്‍ (34 പന്തുകള്‍ 56) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.