ഹൈദരാബാദ്: 2023 ഓഗസ്റ്റ് 18, ഇന്ത്യയുടെ 'റണ്‍ മെഷീന്‍' വിരാട് കോലിയുടെ(Virat kohli) അന്താരാഷ്‌ട്ര കരിയറിന് 15 വയസ് തികയുകയാണിന്ന്. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലൂടെയായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കോലി തന്‍റെ വരവ് പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് നിരവധി റെക്കോഡുകള്‍ കടപുഴയ്‌ക്കിക്കൊണ്ട് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായി വളരാന്‍ കോലിയ്‌ക്ക് കഴിഞ്ഞു.
കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ 501 മത്സരങ്ങളില്‍ നിന്നും 53.63 ശരാശരിയില്‍ 25,582 റണ്‍സാണ് 'കിങ് കോലി' അടിച്ച് കൂട്ടിയിട്ടുള്ളത്. 76 സെഞ്ചുറികളും 131 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് കോലിയുടെ പ്രകടനം. പവര്‍ ഹിറ്റുകളെ കൂടുതല്‍ ആശ്രയിക്കാതെ ഫീല്‍ഡര്‍മാര്‍ക്കിടയിലുള്ള വിടവുകളിലൂടെ റണ്‍സടിക്കുന്നതാണ് കോലിയുടെ മികവ്. അതിവേഗത്തില്‍ റണ്‍സ് ഓടിയെടുക്കാനുമുള്ള 35-കാരന്‍റെ മികവും ഏറെ കയ്യടി നേടുന്നതാണ്.
2013-ൽ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ താരം നാല് റണ്‍സ് ഓടിയെടുക്കുന്ന കാഴ്‌ചയും ആരാധകര്‍ കണ്ടു. വിക്കറ്റുകള്‍ക്ക് ഇടയിലുള്ള 22 യാർഡില്‍ റണ്‍സിനായി ഇത്രയും കാലം വിരാട് കോലി ആകെ ഓടിയ ദൂരം അഞ്ഞൂറില്‍ ഏറെ കിലോ മീറ്ററുകളാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബൗണ്ടറികളില്ലാത്ത ഷോട്ടുകൾക്കായി വിരാട് കോലി വിക്കറ്റുകൾക്കിടയിൽ ഓടിയ ദൂരം 277 കിലോമീറ്ററാണെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒരു നോൺ-സ്ട്രൈക്കർ എന്ന നിലയിൽ, പങ്കാളികളുടെ റണ്ണിനായി താരം ഏകദേശം 233 കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്. ഇതോടെ റണ്‍സിനായി കോലി വിക്കറ്റുകള്‍ക്കിടയില്‍ ഇതുവരെ ഓടിയ ദൂരം 510 കിലോമീറ്ററാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.