സതാംപ്ടണ്‍ : ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിനമായ ഞായറാഴ്ച താരം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി.
ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ ഞായറാഴ്ച ബാറ്റുചെയ്യാനിറങ്ങിയ താരത്തിന് വലിയ സ്കോര്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ അവസരത്തിനൊത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത താരത്തെ അഭിനന്ദിച്ച് ആകാശ് ചോപ്രയടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
2011 ജൂൺ 20ന് സബീന പാര്‍ക്കില്‍ വെസ്റ്റിൻഡീസിനെതിരെയാണ് കോലി അരങ്ങേറ്റം കുറിച്ചത്. താരത്തിന്‍റെ കരിയറിലെ 92ാമത്തെ ടെസ്റ്റ് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
also read: ധോണി പിന്നില്‍; ക്യാപ്റ്റന്‍സിയില്‍ കോലിക്ക് ഏഷ്യന്‍ റെക്കോര്‍ഡ്
അതേസമയം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാത്രം 27 സെഞ്ച്വറികള്‍ അടക്കം 52.69 ബാറ്റിങ് ശരാശരിയില്‍ 7534 റൺസ് കോലി കണ്ടെത്തിയിട്ടുണ്ട്. 25 അര്‍ധ സെഞ്ച്വറികളും ഏഴ് ഇരട്ട സെഞ്ചുറികളും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ കൂടുതൽ റൺസ് കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തും. കൂടുതൽ സെഞ്ച്വറികള്‍ നേടിയ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തുമാണ് നിലവില്‍ കോലിയുള്ളത്.
ഇതിനിടെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന എംഎസ് ധോണിയുടെ റെക്കോഡും കോലി മറികടന്നു. നിലവിലെ ഏഷ്യന്‍ റെക്കോഡും താരത്തിന്‍റെ പേരിലാണ്. കോലിയുടെ നായകത്വത്തിന് കീഴില്‍ 34 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടുണ്ട്.
ദ്രാവിഡും ഗാംഗുലിയും ഇതേ ദിവസം
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും 1996ലെ ജൂണ്‍ 20നാണ് ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ അരങ്ങേറ്റം നടത്തിയത്.
ഗാംഗുലി 301 ബോളില്‍ 131 റണ്‍സ് നേടിയപ്പോള്‍ ദ്രാവിഡ് 267 പന്തില്‍ 95 റണ്‍സ് കണ്ടെത്തി. അതേസമയം അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി കണ്ടെത്തുന്ന പത്താമത്തെ ഇന്ത്യന്‍ താരമാണ് ഗാംഗുലി.