ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയപ്പോള്‍ ടീം ഇന്ത്യ അനായാസം തന്നെ ജയത്തിലേക്ക് എത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, ആദ്യ ഓവറില്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്താന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു (Mitchell Starc). നാലാം പന്തില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) പുറത്ത്.
അടുത്ത ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിന്‍റെ ഇരട്ടപ്രഹരം. നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) ശ്രേയസ് അയ്യരും (Shreyas Iyer) മടങ്ങിയത് അക്കൗണ്ട് തുറക്കാതെ. രണ്ട് ഓവറുകള്‍ അവസാനിച്ചപ്പോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.
ഇങ്ങനെ തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലായിരുന്നു വിരാട് കോലിയും (Virat Kohli) കെഎല്‍ രാഹുലും (KL Rahul) ക്രീസിലൊന്നിക്കുന്നത്. കരുതലോടെ ഓസീസ് ബൗളര്‍മാരെ നേരിട്ട ഇവര്‍ പതിയെ കളിയുടെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ കോലി രാഹുല്‍ സഖ്യം 165 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത് (India's Highest ODI Partnership against Australia in CWC).
38-ാം ഓവറില്‍ വിരാട് കോലി പുറത്താകുമ്പോഴേക്കും ഇന്ത്യ ജയത്തോട് ഏറെ അടുക്കുകയും ചെയ്‌തിരുന്നു. 116 പന്തില്‍ 85 റണ്‍സടിച്ചായിരുന്നു വിരാട് കോലി ജോഷ് ഹെയ്‌സല്‍വുഡിന്‍റെ പന്തില്‍ മാര്‍നസ് ലബുഷെയ്‌ന് ക്യാച്ച് നല്‍കി മടങ്ങിയത്. ചേസിങ്ങില്‍ തന്‍റെ മികവ് എത്രത്തോളമാണെന്ന് കാട്ടുന്ന ഇന്നിങ്സ് കൂടിയായിരുന്നു വിരാട് കോലി ചെപ്പോക്കില്‍ നടത്തിയത്.