സിഡ്‌നി: നെതർലൻഡ്‌സിനെതിരായ തകർപ്പൻ അർധ സെഞ്ച്വറിക്ക് പിന്നാലെ ടി20 ലോകകപ്പിൽ പുത്തൻ റെക്കോഡിട്ട് വിരാട് കോലി. ടി20 ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്കാണ് കോലി എത്തിച്ചേർന്നത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് കോലി മറികടന്നത്. മത്സരത്തിൽ 44 പന്തിൽ നിന്ന് 62 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
T20 WORLD CUP 2022 | ലോകകപ്പിൽ പുതിയ റെക്കോഡുമായി കോലി; മുന്നിൽ ഇനി ജയവർധനെ മാത്രം - Kohli
വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് നെതർലാൻഡിനെതിരായ തകർപ്പൻ ഇന്നിങ്സിലൂടെ കോലി മറികടന്നത്.
നിലവിൽ 23 ടി20 ലോകകപ്പ് മത്സരങ്ങളിലെ 21 ഇന്നിങ്സുകളിൽ നിന്നായി 89.90 ശരാശരിയിൽ 989 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 12 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 89* റണ്‍സാണ് താരത്തിന്‍റെ ഉയർന്ന സ്‌കോർ. ടി20 ലോകകപ്പിൽ രണ്ട് തവണ മാൻ ഓഫ് ദി ടൂർണമെന്‍റായ ഏക താരവും കോലിയാണ്. 2014ലും (319 റൺസ്), 2016ലുമാണ് (273 റൺസ്) താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം കോലിക്ക് താഴെയുള്ള ക്രിസ് ഗെയിൽ 33 മത്സരങ്ങളിലെ 31 ഇന്നിങ്‌സുകളിൽ നിന്ന് 34.46 ശരാശരിയിൽ 965 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ശ്രീലങ്കൻ താരം മഹേല ജയവർധനയാണ് പട്ടികയിൽ ഒന്നാമത്. 39.07 ശരാശരിയിൽ 1016 റണ്‍സാണ് ജയവർധനെ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു.