മുംബൈ :ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും തമ്മിലുള്ള താരതമ്യം ക്രിക്കറ്റ് ലോകത്ത് എന്നും ചൂടുള്ള വിഷയമാണ്. ആരാണ് ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിന് ഒരിക്കലും വിട്ടുകൊടുക്കാന്‍ ഇരുവരുടേയും ആരാധകര്‍ തയ്യാറാവാറില്ല. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ സമാന ചോദ്യത്തിന് പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാവുകയാണ്.
വളച്ചുകെട്ടലുകളില്ലാതെ, ഹര്‍ഭജന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയ അക്തര്‍ വിരാട് കോലിയെ 'ഏറ്റവും മികച്ച ബാറ്റര്‍' എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം നാട്ടുകാരനായ ബാബര്‍ അസം 'വരാനിരിക്കുന്ന മികച്ച ബാറ്റര്‍' ആണെന്നും ഷൊയ്‌ബ് അക്തര്‍ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെ ഹര്‍ഭജന്‍ സിങ്ങാണ് ഇരുവരും തമ്മിലുള്ള ഈ രസകരമായ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവച്ചത്.
ക്രിക്കറ്റ് യാത്ര മുതൽ ഷോപ്പിങ് വരെയുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയില്‍ അക്തറും ഹര്‍ഭജനും സംസാരിക്കുന്നുണ്ട്. വീഡിയോയുടെ അവസാനത്തിലാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന് മുന്നില്‍ വിരാട് കോലി, ബാബര്‍ അസം എന്നിവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യം ഭാജി ഉന്നയിക്കുന്നത്.
47-കാരനായ ഷെയ്‌ബ് അക്തറിന്‍റെ മറുപടി ഇങ്ങനെ.... "വിരാട് കോലിയാണ് ഏറ്റവും മികച്ചത്, ബാബർ അസം എക്കാലത്തെയും മികച്ച ബാറ്റര്‍ ആകാനുള്ള ശ്രമത്തിലാണ്. ടി20യിൽ കൂടുതൽ മെച്ചപ്പെടാനാണ് അവന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരു കാരണവുമില്ലാതെ ആളുകൾ അവന്‍റെ പിന്നിലുണ്ട്" - ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.
വിഷയത്തിൽ ഹർഭജനും തന്‍റെ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്. ഹര്‍ഭജന്‍റെ വാക്കുകള്‍ ഇങ്ങനെ..." ഒരു മഹാനായ ക്രിക്കറ്ററാണെന്ന് വിരാട് കോലി ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബാബര്‍ അസമിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
അവനൊരു മികച്ച താരമായതിനാല്‍ എന്നെങ്കിലും അവിടെ എത്തും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെ മികച്ച പ്രകടനം നടത്താന്‍ ബാബറിന് കഴിയുന്നുണ്ട്. പക്ഷേ ടി20 ക്രിക്കറ്റ് അവന് അത്ര അനുയോജ്യമല്ലായിരിക്കാം" - ഹര്‍ഭജൻ വ്യക്തമാക്കി.
സ്ഥിതിവിവരക്കണക്കനുസരിച്ച്, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലിയുടെ സിംഹാസനത്തിന് വെല്ലുവിളി ഉയർത്താൻ ബാബറിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്നതാണ് വാസ്‌തവം. മൂന്ന് ഫോർമാറ്റുകളിലുമായി 25,000-ത്തിലധികം റൺസ് ഇതിനകം തന്നെ വിരാട് കോലി അടിച്ച് കൂട്ടിയിട്ടുണ്ട്. തന്‍റെ കരിയറിൽ ഇതുവരെ 12,000-ത്തിലധികം റൺസ് മാത്രമാണ് ബാബര്‍ അസം നേടിയത്.
അതേസമയം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകപ്പിലും ഇരുവരുടേയും പോരാട്ടം കാണാനാണ് ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഓഗസ്റ്റ്- സെപ്‌റ്റംബര്‍ മാസങ്ങളിലായാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടക്കുക. ഇതിന് പിന്നാലെ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്.
ALSO READ: ക്രിക്കറ്റ് രാജാക്കന്‍മാരുടെ പതനം... ലോകകപ്പ് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇന്‍ഡീസ്; ഇത് വിന്‍ഡീസ് ക്രിക്കറ്റിന്‍റെ 'കറുത്ത ദിനങ്ങള്‍'