കൃത്യം ഒരു വര്‍ഷംമുന്‍പ് ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിക്കുന്ന ആവേശ മത്സരം. ആരാധകരാല്‍ തിങ്ങി നിറഞ്ഞ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ വിധിക്കപ്പെട്ട പാകിസ്ഥാന്‍ ഷാന്‍ മസൂദിന്‍റെയും ഇഫ്‌തിഖര്‍ അഹമ്മദിന്‍റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വച്ച വിജയലക്ഷ്യം 160 റണ്‍സാണ്.
ടി20 ക്രിക്കറ്റില്‍ ഇരു ടീമിനും വിജയസാധ്യത കല്‍പ്പിക്കുന്ന ഒരു ടാര്‍ഗറ്റായിരുന്നു അത്. മറുപടി ബാറ്റിങ്ങില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ടീം ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ കെഎല്‍ രാഹുലിനെയും രോഹിത് ശര്‍മയേയും നഷ്‌ടപ്പെട്ടു. പവര്‍പ്ലേയുടെ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവും മടങ്ങി. പിന്നാലെ എത്തിയ അക്‌സര്‍ പട്ടേലിനും ക്രീസില്‍ അധിക നേരം പിടിച്ചുനില്‍ക്കാനായില്ല.
160 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്‌ടപ്പെട്ടത് നാല് വിക്കറ്റുകള്‍. 2021ലെ ടി20 ലോകകപ്പില്‍ നടന്നത് ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും നടക്കുമെന്ന തോന്നല്‍ ആരാധകര്‍ക്കിടെയുണ്ടായി. എന്നാല്‍, അപ്പോഴും ആരാധകരുടെ പ്രതീക്ഷ വിരാട് കോലിയില്‍ ആയിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയുടെ റണ്‍സ് ഉയര്‍ത്തി. പത്തോവര്‍ അവസാനിക്കുമ്പോള്‍ 45 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ആറ് വിക്കറ്റ് ശേഷിക്കെ അവസാന 10 ഓവറില്‍ ജയം പിടിക്കാന്‍ വേണ്ടത് 115 റണ്‍സ്.
അവിടുന്നങ്ങോട്ട് കളി മാറി. പാക് സ്‌പിന്നര്‍മാരെ കോലിയും ഹാര്‍ദിക്കും തല്ലി. പേസര്‍മാരെ തിരികെ കൊണ്ട് വന്ന് പാക് നായകന്‍ ബാബര്‍ അസം തന്ത്രം മാറ്റി. ഹാര്‍ദിക്ക് പാണ്ഡ്യയുടെ ബാറ്റ് നിശബ്‌ദമായെങ്കിലും കോലിയുടെ ബാറ്റില്‍ നിന്നും റണ്‍സൊഴുകി.
ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും എറിഞ്ഞ പന്തുകള്‍ ബൗണ്ടറി കടന്നു. നേരിട്ട 43-ാം പന്തില്‍ കോലിയുടെ ഫിഫ്‌റ്റി. പിന്നീടുള്ള പത്ത് പന്തുകളില്‍ പിറന്നത് 30 റണ്‍സ്. മുഹമ്മദ് നവാസ് എറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ 120-ാം പന്ത് ഇന്‍ഫീല്‍ഡിന് മുകളിലേക്ക് കളിച്ച് അശ്വിന്‍ ഒരു സിംഗിള്‍ ഓടിയെടുത്തു. 'ഇന്ത്യ വിന്‍ ബൈ 4 വിക്കറ്റ്സ്' എന്ന റിസള്‍ട്ട് വന്നപ്പോഴും മറുവശത്ത് 53 പന്തില്‍ 82 റണ്‍സുമായി വിരാട് കോലിയുണ്ടായിരുന്നു...കാലം എത്ര കഴിഞ്ഞാലും വിരാട് കോലിയുടെ ഈ ഇന്നിങ്‌സിന്‍റെ മാറ്റ് അതുപോലെ തന്നെ നിലനില്‍ക്കും. അതുപോലെ തന്നെയാണ് വിരാട് കോലി എന്ന സൂപ്പര്‍ ക്രിക്കറ്ററുടെ ചേസിങ് മികവും.
വിരാട് ദി റിയല്‍ ചേസ് മാസ്റ്റര്‍:2022 ഒക്ടോബര്‍ 23ന് മെല്‍ബണില്‍ പാകിസ്ഥാനെതിരായ ഇന്നിങ്സ്. ഒരുവര്‍ഷത്തിനിപ്പുറം 2023 ഒക്ടോബര്‍ 22ന് ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയിലെ അര്‍ധസെഞ്ച്വറി, അതിന് മുന്‍പ് ബംഗ്ലാദേശിനെതിരായ സെഞ്ച്വറി... വിരാട് കോലിയെന്ന ചേസ് മാസ്റ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അത്ര പെട്ടന്നൊന്നും തോല്‍ക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കുന്ന ഇന്നിങ്‌സുകളാണ് ഇത്.
ചരിത്രം പരിശോധിച്ചാല്‍ ഇനിയും ഏറെയുണ്ട് കോലി ഇന്ത്യയ്‌ക്കായി പിന്തുടര്‍ന്ന് നേടിയ ജയങ്ങള്‍. 2012 സിബി സിരീസില്‍ ശ്രീലങ്കയ്‌ക്കെതിരായ 133, അതേവര്‍ഷം ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ അടിച്ച 183.. കോലിയുടെ കരിയറിന്‍റെ ഗ്രാഫ് അപ്പാടെ തന്നെ മാറ്റിയെടുത്ത ഇന്നിങ്സുകളാണ് ഇത് രണ്ടും.
ഏകദിന ക്രിക്കറ്റില്‍ ചേസിങ്ങിനെ കോലി ഏറെ പ്രണയിക്കുന്നുണ്ട്. കണക്കുകള്‍ തന്നെയാണ് അതിന്‍റ സാക്ഷ്യവും. ഏകദിനത്തില്‍ ആകെ 48 സെഞ്ച്വറികളാണ് വിരാട് കോലിയുടെ അക്കൗണ്ടില്‍. ഇതില്‍ 23 എണ്ണവും പിറന്നത് രണ്ടാം ഇന്നിങ്സിലാണ്. കൂടാതെ 25 പ്രാവശ്യം അര്‍ധസെഞ്ച്വറിക്ക് മുകളില്‍ റണ്‍സ് നേടാനും വിരാടിന് സാധിച്ചിട്ടുണ്ട്.
കരിയറില്‍ മൂന്ന് പ്രാവശ്യമാണ് വിരാട് കോലി റണ്‍സ് പിന്തുടരുന്നതിനിടെ 90ന് മുകളില്‍ സ്കോര്‍ ചെയ്‌തിട്ടുള്ളത്. അതില്‍ ഏറ്റവും ലേറ്റസ്റ്റ് അഡ്മിഷനാണ് ഏകദിന ലോകകപ്പില്‍ ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെതിരായ 95 റണ്‍സ്. അതിന് മുന്‍പ് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ബിര്‍മിങ്‌ഹാമില്‍ പുറത്താകാതെ 96 റണ്‍സും കോലി നേടിയിരുന്നു. 2010ല്‍ ബംഗ്ലാദേശിനെതിരെ 91 റണ്‍സ് നേടിയും കോലി പുറത്തായിട്ടുണ്ട്.
Also Read :Most Runs In ODI Cricket: വിരാട് കോലിയുടെ റണ്‍വേട്ട, സനത് ജയസൂര്യയും പിന്നിലായി; ഇനി മുന്നിലുള്ളത് മൂന്ന് പേര്‍