മുംബൈ:ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ക്രിക്കറ്റ് ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവി എന്തെന്നത് (Virat Kohli And Rohit Sharma Future In Team India). വരുന്ന വര്‍ഷങ്ങളില്‍ ടീം ഇന്ത്യ പരിമിതമായ ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമില്‍ ഇരുവര്‍ക്കും ഒരു വര്‍ഷം മുന്‍പാണ് അവസാനം അവസരം ലഭിച്ചത്.
കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇത്. ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിന് പരാജയപ്പെട്ടതിന് പിന്നാലെ രണ്ട് സ്റ്റാര്‍ ബാറ്റര്‍മാര്‍ക്കും രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇരു താരങ്ങളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിന്‍റെ നായകനായ രോഹിത് ശര്‍മ ടി20 ക്രിക്കറ്റ് മതിയാക്കുന്നു എന്ന തരത്തില്‍ നിലവില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടിട്ടുണ്ട്. ഏഴ് മാസത്തിനിപ്പുറം ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മ കുട്ടി ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ ആരാധകരെയും ഞെട്ടിക്കുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസം പകരുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിച്ച വിരാട് കോലിയേയും രോഹിത് ശര്‍മയേയും ബിസിസിഐ വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കും (T20 World Cup 2024) പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിക്കാതിരുന്ന ഇരു താരങ്ങളും വരുന്ന ടി20 ലോകകപ്പിനും ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ നിലിവില്‍ ബിസിസിഐ അയവ് വരുത്തിയെന്നാണ് സൂചന.