ന്യൂഡല്‍ഹി :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ (India vs Afghanistan) പോരാട്ടത്തിന് മുന്‍പ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകര്‍ കാത്തിരുന്നത് വിരാട് കോലിയും (Virat Kohli) നവീന്‍ ഉല്‍ ഹഖും (Naveen Ul Haq) നേര്‍ക്കുനേര്‍ വീണ്ടുമെത്തുമ്പോള്‍ എന്താകും മൈതാനത്ത് സംഭവിക്കുക എന്നറിയാനായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) താരമായിരുന്ന കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) താരമായ നവീനും തമ്മിലൊന്ന് ഉടക്കിയിരുന്നു. അതിന് ശേഷം ഇരു താരങ്ങളും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമായതുകൊണ്ട് തന്നെ ലോകകപ്പിലെ ഇന്ത്യ അഫ്‌ഗാന്‍ പോരാട്ടത്തിന് അത്രത്തോളം ഹൈപ്പ് തന്നെ ലഭിച്ചു (Virat Kohli And Naveen Ul Haq Feud at IPL).
ഐപിഎല്ലില്‍ വിരാട് കോലിയുമായി കലഹിച്ച ശേഷം നവീന്‍ കളിക്കാന്‍ ഇറങ്ങിയ ഇടങ്ങളിലെല്ലാം ആരാധകര്‍ കോലി ചാന്‍റുകളുമായിട്ടാണ് പലപ്പോഴും അഫ്‌ഗാന്‍ താരത്തെ വരവേറ്റിരുന്നത്. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടെയും ഇത് തന്നെ ആവര്‍ത്തിച്ചു. നവീന്‍ ഉല്‍ ഹഖ് ക്രീസില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഗാലറിയില്‍ മുഴങ്ങിക്കേട്ടത് വിരാട് കോലിയുടെ പേരായിരുന്നു.
നവീന്‍ പന്തെറിയാന്‍ എത്തിയപ്പോഴും ഇത് തന്നെയായിരുന്നു സംഭവിച്ചത്. എന്നാല്‍, ആരാധകരുടെ മനം നിറയ്‌ക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു പിന്നീട് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. സ്റ്റേഡിയത്തില്‍ നവീനെതിരെ മുഴങ്ങിക്കേട്ട കോലി ചാന്‍റുകള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തന്നെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു (Virat Kohli and Naveen Ul Haq).