ട്രിനിഡാഡ് :വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ത്യ (India) ഇന്നാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്ക് ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ആരംഭിക്കുന്ന മത്സരം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ തമ്മിലുള്ള 100-ാം ടെസ്റ്റ് മത്സരം കൂടിയാണ്. കൂടാതെ, ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ 500-ാം അന്താരാഷ്‌ട്ര മത്സരമെന്ന പ്രത്യേകതയും ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനുണ്ട്.
2008-ല്‍ തന്‍റെ 19-ാം വയസില്‍ ഏകദിന ക്രിക്കറ്റിലൂടെയാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയണിഞ്ഞ കോലി തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെന്നിങ്‌ടണില്‍ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഇതുവരെ 15 വര്‍ഷം പിന്നിട്ട കരിയറില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 25,000ലധികം റണ്‍സ് നേടാന്‍ താരത്തിനായിട്ടുണ്ട്. 75 സെഞ്ച്വറികളും 131 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. അതേസമയം, ഇന്ത്യയ്‌ക്കായി ഇത്രയേറെ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് വിരാട് കോലി പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍റെ 500-ാം മത്സരത്തിന് മുന്നോടിയായി ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് താരത്തിന്‍റെ പ്രതികരണം.
'ഇന്ത്യയ്‌ക്കൊപ്പം ഇത്രയും വലിയൊരു യാത്ര നടത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത്രയും നീണ്ട ഒരു ടെസ്റ്റ് കരിയര്‍ ലഭിച്ചതിലും എനിക്ക് സന്തോഷമുണ്ട്. കാരണം, അതിന് വേണ്ടി ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്‌തിരുന്നു'- വിരാട് കോലി പറഞ്ഞു.