ബെംഗളൂരു:എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപറ്റനായത്. 2014ല്‍ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത കോലി മൂന്ന് വര്‍ഷത്തിനിപ്പുറം 2017ല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം നായകനായി. ആഭ്യന്തര വിദേശ പരമ്പരകളില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും ടീമിന് ഐസിസി കിരീടങ്ങളൊന്നും നേടാനായിരുന്നില്ല.
സീനിയര്‍ ടീമിന്‍റെ നായകനാകുന്നതിന് മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ കിരീടത്തിലെത്തിക്കാന്‍ വിരാടിന് സാധിച്ചിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയെയും, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും വിരാട് നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, നായകനെന്ന നിലയില്‍ ഒരുപാട് പിഴവുകള്‍ സംഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിരാട് കോലി.
'ഞാന്‍ ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനോട് നൂറ് ശതമാനവും ഞാന്‍ യോജിക്കുന്നു. അവയെല്ലാം സമ്മതിച്ചു തരുന്നതില്‍ എനിക്ക് മടിയില്ല.
ഞാന്‍ ഒരിക്കലും എന്‍റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്‌തിട്ടില്ല. നായകനായ ആദ്യ ദിനം മുതല്‍ ചുമതലയൊഴിഞ്ഞ അവസാന ദിവസം വരെയുള്ള കാര്യങ്ങളില്‍ നിന്നും എനിക്ക് അത് ഉറപ്പ് നല്‍കാന്‍ കഴിയും. വിജയങ്ങള്‍ നേടി ടീമിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം.
ഞാന്‍ എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെങ്കിലും ഇല്ലെങ്കിലും അവയെ എല്ലാം ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നുണ്ട്. തെറ്റുകള്‍ വരുത്തുന്നത് പരാജയത്തിന്‍റെ ഭാഗം കൂടിയാണ്. പരാജയങ്ങള്‍ സംഭവിക്കാം, എന്നാല്‍ എന്‍റെ ഉദ്ധേശമൊന്നും തെറ്റായിരുന്നില്ല.