നാഗ്‌പൂർ: ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ നായകൻ രോഹിത് ശർമയുടെ ഇന്നിങ്‌സിനെ പ്രശംസിച്ച് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തൊരു ട്രാക്കിൽ ഇത്തരമൊരു ഇന്നിങ്സ് കളിക്കുക എന്നത് വലിയ പരിശ്രമമായിരുന്നുവെന്നും രോഹിതിന്‍റെ ഇന്നിങ്‌സിലൂടെ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കാൻ സാധിച്ചുവെന്നും റാത്തോർ വ്യക്‌തമാക്കി.
രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറിയുടെയും മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 144 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരെ ശക്‌തമായി പ്രതിരോധിച്ച രോഹിത് ശർമ 120 റണ്‍സ് നേടി ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ച ശേഷമാണ് പുറത്തായത്.
ഇന്നത്തേത് രോഹിതിന്‍റെ ഒരു പ്രത്യേക ഇന്നിങ്‌സായിരുന്നു. അദ്ദേഹം മികച്ച രീതിയിൽ സ്‌കോർ ചെയ്യുന്നത് കാണുന്നത് തന്നെ ഒരു വലിയ വികാരമാണ്. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തൊരു ഉപരിതലത്തിൽ ഇത്തരത്തിൽ ബാറ്റ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതേസമയം ഇന്ത്യ ശക്‌തമായ നിലയിലാണെങ്കിലും മത്സരത്തിന്‍റെ അന്തിമ ഫലത്തെപ്പറ്റി ഇപ്പോൾ പറയാനാകില്ലെന്നും റാത്തോർ വ്യക്‌തമാക്കി.
കുൽദീപിന് പകരം അക്‌സറിനെ ടീമിൽ പരിഗണിച്ചതിൽ ബാറ്റിങും ഒരു ഘടമായിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു റാത്തോറിന്‍റെ ഉത്തരം. അക്‌സർ ബോളിങ്ങിൽ അസാധാരണമായ പ്രകടനമാണ് കാഴ്‌ചവച്ചത്. അതിനാൽ തന്നെ മറ്റ് ഘടകങ്ങൾ പരിഗണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ അവന്‍റെ ബാറ്റിങ് ഇന്ത്യൻ ടീമിന് ഒരു ബോണസ് തന്നെയാണ്, റാത്തോർ വ്യക്‌തമാക്കി.