ബെംഗളൂരു: ലിസ്റ്റ് എ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ലോക റെക്കോഡിട്ട് തമിഴ്‌നാട് ബാറ്റർ നാരായൺ ജഗദീശൻ. ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടർച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന പുരുഷ താരമെന്ന നേട്ടമാണ് ജഗദീശൻ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ 141 പന്തില്‍ 277 റണ്‍സടിച്ചാണ് ജഗദീശന്‍ ലോക റെക്കോഡ് നേട്ടം ആഘോഷമാക്കിയത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ താരത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം സെഞ്ച്വറിയാണിത്. വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സോടെയാണ് 26കാരൻ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരം കത്തിക്കയറി. ആന്ധ്രപ്രദേശ് (114*), ഛത്തീസ്‌ഗഢ് (107), ഗോവ (168), ഹരിയാന (128) ടീമുകള്‍ക്കെതിരെയാണ് താരത്തിന്‍റെ സെഞ്ച്വറി നേട്ടം.
ഇതോടെ ലങ്കന്‍ ഇതിഹാസം കുമാർ സംഗക്കാര ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേടിയ തുടര്‍ച്ചയായ നാല് സെഞ്ച്വറികളെന്ന റെക്കോഡാണ് പഴങ്കഥയായത്. ദക്ഷിണാഫ്രിക്കയുടെ അൽവിറോ പീറ്റേഴ്‌സൺ, കർണാടക ബാറ്റര്‍ ദേവദത്ത് പടിക്കൽ എന്നിവരും ലിസ്റ്റ് എ ക്രിക്കറ്റിൽ തുടര്‍ച്ചയായ നാല് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളും വിവിധ ആഭ്യന്തര മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ലിസ്റ്റ് എ ക്രിക്കറ്റ്. ഇതില്‍ ഓരോ ടീമിന്‍റെയും ഓവറുകളുടെ എണ്ണം 40 മുതൽ 60 വരെയാണ്.
കോലിയും പിന്നില്‍: അരുണാചലിനെതിരായ പ്രകടനത്തോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡും ജഗദീശൻ പോക്കറ്റിലാക്കി. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി, പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ക്‌വാദ്, ദേവദത്ത് പടിക്കൽ എന്നിവരെ പിന്തള്ളിയാണ് തമിഴ്‌നാട് താരത്തിന്‍റെ നേട്ടം.